
ഗ്രൂപ്പുകൾ തന്നെയാണ് കോൺഗ്രസ്സിൽ കാര്യങ്ങൾ ഇപ്പോഴും തീരുമാനിക്കുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കൊച്ചിയിലെ മേയർ തിരഞ്ഞെടുപ്പ്. കെ.പി.സി.സിയെ ഹൈക്കമാൻ്റിൽ നിന്നും നിയന്ത്രിക്കുന്ന കെ.സി വേണുഗോപാലിൻ്റെ ഗ്രൂപ്പിൽപ്പെട്ട ദീപ്തി മേരി വർഗ്ഗീസിനെയാണ് ഇവിടെ തഴഞ്ഞിരിക്കുന്നത്. ദീപ്തിയെ മേയറാക്കുക എന്ന ലക്ഷ്യം മുൻ നിർത്തി തന്നെയാണ് അവരെ മത്സരിപ്പിച്ചിരുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി ആയതിനാൽ ദീപ്തി ആകുമെന്ന് തന്നെയാണ് യു.ഡി.എഫിന് നഗരസഭയിൽ ഭൂരിപക്ഷം കിട്ടിയപ്പോൾ ജനങ്ങളും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ എല്ലാവരും കരുതിയിരുന്നത്. എന്നാൽ ആ കണക്ക് കൂട്ടലുകളാണ് ഇപ്പോൾ തെറ്റിയിരിക്കുന്നത്.
അതായത് വലിയ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ്സിൽ ഗ്രൂപ്പുകൾ അവരുടെ കരുത്ത് കാട്ടിയ കാഴ്ചയാണ് ഇവിടെ നാം കണ്ടിരിക്കുന്നത്. സമുദായ താൽപര്യം മാത്രം നോക്കിയല്ല കൊച്ചി മേയറെ കോൺഗ്രസ്സ് നിശ്ചയിച്ചിരിക്കുന്നത്. കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടിട്ടും ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ ഗ്രൂപ്പുകളെ പ്രേരിപ്പിച്ചത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു തന്നെയാണ്. ഇത് കെ.സി വേണുഗോപാലിനു മാത്രമല്ല പ്രതിപക്ഷ നേതാവ് വി.ഡി സതീശനുകൂടി കിട്ടിയ പ്രഹരമാണ്.
കാരണം, കൊച്ചി കോർപ്പറേഷനിലെ തിരഞ്ഞെടുപ്പ് ചുമതല നിർവ്വഹിച്ചിരുന്നത് വി.ഡി സതീശനായിരുന്നു. സതീശൻ തന്നോട് നയിക്കാൻ ആവശ്യപ്പെട്ടിരുന്നതായി ദീപ്തിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഗ്രൂപ്പുകൾ പിടിമുറുക്കിയപ്പോൾ സ്വന്തം തട്ടകമായിട്ടു പോലും, പ്രതിപക്ഷ നേതാവ് പോലും നിസഹായവസ്ഥയിലായി പോയി എന്നതാണ് യാഥാർത്ഥ്യം.
Also Read: പിണറായി സ്വയം മാറി നിൽക്കാൻ സാധ്യത, തരൂരിനെ ഇറക്കാൻ ബി.ജെ.പി, ആത്മവിശ്വാസം കൈവിടാതെ യു.ഡി.എഫ്…
കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണെങ്കിൽ അവരുടെ മുഖ്യമന്ത്രി സ്വപ്നവും നടക്കാൻ പോകുന്നില്ല എന്നു തന്നെ വിലയിരുത്തേണ്ടതായി വരും. സംസ്ഥാന കോൺഗ്രസ്സിൻ്റെ അടിത്തട്ടിൽ ഇപ്പോഴും ഗ്രൂപ്പുകൾക്ക് തന്നെയാണ് മേധാവിത്വമുള്ളത്. ഉമ്മൻ ചാണ്ടി മരണപ്പെട്ടെങ്കിലും എ ഗ്രൂപ്പ് മരിച്ചിട്ടില്ല. അവർക്ക് തന്നെയാണ് ഏറ്റവും കൂടുതൽ സ്വാധീനമുള്ളത്. ഐ ഗ്രൂപ്പിനെ പലതായി വിഡി സന്തീശനും കെ.സി വേണുഗോപാലും പിളർത്തിയിട്ടുണ്ടെങ്കിലും, ഐ ഗ്രൂപ്പിലെ പ്രബല വിഭാഗം ഇപ്പോഴും ചെന്നിത്തലയുടെ കൂടെ തന്നെയാണുള്ളത്.
ഗ്രൂപ്പുകളെ അപ്രസക്തമാക്കി പാർട്ടി പിടിച്ചെടുക്കാൻ ഇടപെട്ട കെ.സിക്കും സതീശനും ഒരു ഷോക്ക് ട്രീറ്റ്മെൻ്റ് കൊടുക്കാൻ ലഭിച്ച അവസരം എയും ഐയും ഒരുമിച്ച് ഉപയോഗപ്പെടുത്തിയതു കൊണ്ടാണ് ദീപ്തി തെറിച്ചിരിക്കുന്നത്. ഇതാകട്ടെ പ്രതിപക്ഷ നേതാവിൻ്റെയും സംഘടനാ ജനറൽ സെക്രട്ടറിയുടെയും ഒപ്പം നിൽക്കുന്നവർക്കുള്ള ഒരു താക്കീത് കൂടിയാണ്.
സതീശൻ്റെയും കെ സി വേണുഗോപാലിൻ്റെയും കൂടെ ഉള്ളവർ, ഇവർ മുഖ്യമന്ത്രിമാരാകും എന്ന് കണ്ട് ഒപ്പം കൂടിയവരാണ്. അതിനുള്ള സാധ്യത കുറയുകയും ഇവർ വിചാരിച്ചാൽ പോലും പാർട്ടിയിൽ കാര്യങ്ങൾ നടക്കില്ലന്ന് ബോധ്യപ്പെടുകയും ചെയ്താൽ, അവർക്കിടയിലും സ്വാഭാവികമായും ചോർച്ചകൾ സംഭവിക്കും.
പാർട്ടിയിലെ തൻ്റെ സ്വാധീനം ഉപയോഗിച്ച്, നിയമസഭാ സീറ്റുകൾ വേണ്ടപ്പെട്ടവർക്ക് നൽകുകയും, അതുവഴി എം.എൽ.എമാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കാമെന്നുമുള്ള ഒരു ചിന്തയിലാണ് കെ.സി വേണുഗോപാൽ നിലവിൽ മുന്നോട്ട് പോകുന്നത്. വി.ഡി സതീശനാകട്ടെ പ്രതിപക്ഷ നേതാവ് എന്ന പദവി ഉള്ളതിനാൽ , യു.ഡി.എഫിന് ഭരണം ലഭിച്ചാൽ, ഹൈക്കമാൻ്റിന് തന്നെ മാറ്റി നിർത്താൻ കഴിയില്ലന്ന ഒറ്റ വിശ്വാസത്തിലാണ് മുഖ്യമന്ത്രി പദം സ്വപനം കാണുന്നത്.
എന്നാൽ, ഇവരുടെ രണ്ടു പേരുടെയും ഈ ആഗ്രഹം നടക്കണമെങ്കിൽ രമേശ് ചെന്നിത്തല എന്ന നേതാവും എ – ഐ ഗ്രൂപ്പുകളും അപ്രസക്തമാകണം. അതെന്തായാലും സംഭവിക്കില്ല എന്ന് കൊച്ചി മേയറെ തീരുമാനിച്ചതിൽ തന്നെ വ്യക്തമായ സ്ഥിതിക്ക് ഇനിയാണ് കോൺഗ്രസ്സിലെ യഥാർത്ഥ പോര് നടക്കാൻ പോകുന്നത്.
ഇങ്ങനെ കാര്യങ്ങൾ മുന്നോട്ട് പോയാൽ യു.ഡി.എഫിന് അധികാരം ലഭിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയാനും സാധിക്കില്ല. പണ്ട് വൈരികളായിരുന്ന എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും ഇങ്ങനെ ഒറ്റക്കെട്ടായി നിൽക്കാമെങ്കിൽ കോൺഗ്രസ്സിൽ ഇനിപലതും സംഭവിക്കും. കൊച്ചി കോർപ്പറേഷനിലെ കൗൺസിലർമാരുടെ എണ്ണത്തിൽ ഐ ഗ്രൂപ്പിനേക്കാൾ കൂടുതൽ എ ഗ്രൂപ്പിന് ഉണ്ടായിട്ടു പോലും ആദ്യ ടേമിൽ ഐ ഗ്രൂപ്പിലെ വി.കെ മിനിമോൾ മേയറാകട്ടെ എന്ന് എ ഗ്രൂപ്പ് തീരുമാനിച്ചു എങ്കിൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകട്ടെ എന്ന് അവർ തീരുമാനിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
ഹൈക്കമാൻ്റിന് പോലും അത്തരം ഘട്ടത്തിൽ പരിമിതികൾ ഉണ്ടാകും. പുറത്ത് കാണിക്കുന്ന ഈ പിന്തുണയൊന്നും, സംസ്ഥാനത്തെ കോൺഗ്രസ്സിന് അകത്ത് കെ.സി വേണുഗോപാലിനുമില്ല. വി.ഡി സതീശനുമില്ല. അതു കൊണ്ടു തന്നെ, ഹൈക്കമാൻ്റിനും പരിമിതികൾ ഏറെയുണ്ടാകും. കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചത് പോലെ നിയമസഭാ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനും ഇനി ഹൈക്കമാൻ്റിന് കഴിയുകയില്ല. ഗ്രൂപ്പ് താൽപര്യങ്ങളും സാമുദായിക താൽപര്യങ്ങളും മുഖവിലക്കെടുക്കാതെ സ്ഥാനാർത്ഥികളെ എങ്ങാനും പ്രഖ്യാപിച്ചാൽ, അവിടങ്ങളിൽ ഒക്കെ ഗ്രൂപ്പുകളുടെ പിന്തുണയോടെ റിബലുകൾ മത്സരിക്കാനുള്ള സാധ്യതയും വർദ്ധിക്കും. ഇടതുപക്ഷത്തിന് മൂന്നാം ഊഴം ഉറപ്പിക്കുന്ന അത്തരം ഒരു വിഡ്ഢിത്തം കോൺഗ്രസ്സ് ഹൈക്കമാൻ്റ് എന്തായാലും ചെയ്യില്ല.
Also Read: എഡിജിപി ശ്രീജിത്തിനെയും പ്രത്യേക അന്വേഷണ സംഘത്തെയും സംശയ മുനയിൽ നിർത്തി വിചാരണകോടതി..!
കേരളത്തിൽ യു.ഡി.എഫ് ഭരണം പിടിച്ചില്ലങ്കിൽ ആദ്യം തെറിക്കാൻ പോകുന്നത് കെ.സി വേണുഗോപാലിൻ്റെ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനമാണ്. അതോടൊപ്പം തന്നെ, വി.ഡി സതീശൻ്റെ കോൺഗ്രസ്സിലെ ഭാവിയും തീരും. പിന്നെ അദ്ദേഹം പ്രഖ്യാപിച്ചതു പോലെ തന്നെ, രാഷ്ട്രീയ വനവാസത്തിനു തന്നെ പോകേണ്ടതായും വരും.
രമേശ് ചെന്നിത്തലയെ സംബന്ധിച്ചാണെങ്കിൽ, അദ്ദേഹത്തിന് നിലവിൽ 69 വയസ്സായി, ഇത്തവണ യു.ഡി.എഫിന് ഭരണം ലഭിച്ചാൽ, മുഖ്യമന്ത്രിയാകാനുള്ള അവസാനത്തെ അവസരമാണ് മുൻപിൽ ഉള്ളത്. അതു കൊണ്ടു തന്നെ, അദ്ദേഹം പരമാവധി അതിനായി ശ്രമിക്കുകയും ചെയ്യും. എ ഗ്രൂപ്പുമായുള്ള കൂട്ട് കെട്ട് അതിൻ്റെ ഭാഗമാണ്. ഉമ്മൻ ചാണ്ടി മാത്രമാണ് മരണപ്പെട്ടത്. അതല്ലാതെ എ ഗ്രൂപ്പ് ഇല്ലാതായിട്ടില്ല എന്നത് ചെന്നിത്തലയ്ക്ക് കൃത്യമായി അറിയാം. എയും ഐയും ചെന്നിത്തലയ്ക്ക് വേണ്ടി ഒരുമിച്ച് ശബ്ദമുയർത്തിയാൽ, മറിച്ചൊരു തിരുമാനമെടുക്കാൻ ഹൈക്കമാൻ്റിന് ബുദ്ധിമുട്ടാകും.
ആലപ്പുഴ എംപിയായ കെ.സി വേണുഗോപാൽ നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ, ചുരുങ്ങിയത് അരഡസൻ എം.പിമാരെയെങ്കിലും ഹൈക്കമാൻ്റിന് മത്സരിപ്പിക്കേണ്ടതായി വരും. അതിൽ, അടൂർ പ്രകാശും, ഹൈബി ഈഡനും, കെ സുധാകരനും, ബെന്നി ബെഹന്നാനും കൊടിക്കുന്നിൽ സുരേഷും ഉൾപ്പെടെ വരും. കെ.സിക്ക് മത്സരിക്കാമെങ്കിൽ, ഞങ്ങൾക്കും ആകാം എന്ന് അവർ പറഞ്ഞാൽ ഹൈക്കമാൻ്റ് വെട്ടിലായി പോകും. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഒരു നേതാവിനെയും പിണക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയുകയുമില്ല.
ഈ പറഞ്ഞ എം.പി മാരെല്ലാം മത്സരിക്കുകയും വിജയിക്കുകയും ചെയ്താൽ, പിന്നെ അധികാരത്തിന് വേണ്ടിയുള്ള അടിയുടെ പൊടിപൂരും തന്നെയാണ് നടക്കുക. അത് കോൺഗ്രസ്സിനെ ഒരു പിളർപ്പിൽ കൊണ്ടു ചെന്നെത്തിച്ചാൽ പോലും അത്ഭുതപ്പെടേണ്ടതില്ല. മാത്രമല്ല, ഈ എം.പിമാർ രാജിവയ്ക്കുന്ന ലോകസഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ, അവിടെ വിജയിച്ചു കയറുന്നതും കോൺ ഗേസ്സിനെ സംബന്ധിച്ച് ബുദ്ധിമുട്ടാകും. ഇടതുപക്ഷത്തിനും ബി.ജെ.പിക്കുമാണ് അത്തരമൊരു സാഹചര്യം ഗുണം ചെയ്യുക.
EXPRESS VIEW
വീഡിയോ കാണാം…
The post വിഡി സതീശനും കെ.സിയും മുഖ്യമന്ത്രിയാകില്ല ? കോൺഗ്രസ്സിൽ ഗ്രൂപ്പുകൾ തിരിച്ചു വരുന്നു, നേതാക്കൾ ആശങ്കയിൽ appeared first on Express Kerala.









