ചില വീടുകളുടെ വിലയ്ക്കു തുല്യമോ അതിലും കൂടുതലോ വിലയുള്ള ഒരു സാരി യാഥാർഥ്യമാണെന്ന് കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നും. എന്നാൽ അത്തരം ഒരു അതുല്യ സൃഷ്ടി യഥാർത്ഥത്തിൽ നിലവിലുണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും വിലയേറിയ സാരിയെ കുറിച്ച് അറിയാം.
സ്വർണം, വജ്രം, വെള്ളി, പ്ലാറ്റിനം, വിലയേറിയ രത്നങ്ങൾ, ഏറ്റവും മികച്ച പട്ട് ഇവയൊക്കെയാണ് ഈ സാരിയുടെ നിർമാണത്തിനുപയോഗിച്ചിരിക്കുന്നത്. ചെന്നൈ സിൽക്സ് ഒരുക്കിയ ‘വിവാഹ പട്ടു’ കാഞ്ചീപുരം (കാഞ്ചിവരം) സാരിയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ സാരി എന്ന ബഹുമതി നേടിയത്. ഡബിൾ വാർപ്പ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൈത്തറിയിൽ നെയ്ത ഈ സാരിയിൽ 64 നിറങ്ങളുടെയും 10 വ്യത്യസ്ത ഡിസൈനുകളുടെയും സമന്വയമാണ് കാണപ്പെടുന്നത്. ഏകദേശം എട്ട് കിലോഗ്രാം ഭാരമുള്ള ഈ സാരി ആഡംബരത്തിൻ്റെ അവസാന വാക്കാണ്.
ഈ സാരിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിലയേറിയ ലോഹങ്ങളും കല്ലുകളും സാരിയുടെ അപൂർവ്വമാക്കി മാറ്റുന്നു. ഏകദേശം 59.7 ഗ്രാം സ്വർണം, 3.9 കാരറ്റ് വജ്രം, 5 കാരറ്റ് നീലക്കല്ല് (സാഫയർ) എന്നിവയ്ക്കൊപ്പം മാണിക്യം, മരതകം, മുത്തുകൾ തുടങ്ങിയവയും സാരിയുടെ അലങ്കാരമായി ഉപയോഗിച്ചിട്ടുണ്ട്. ഈ അസാധാരണ സൃഷ്ടി പൂർത്തിയാക്കാൻ ഏകദേശം 4,760 മനുഷ്യ മണിക്കൂറുകൾ വേണ്ടിവന്നുവെന്നും 36 നെയ്ത്തുകാർ ചേർന്നാണ് ഇത് സാക്ഷാത്കരിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
2008 ജനുവരി 5 ന് ₹39,31,627 രൂപയ്ക്കാണ് ഈ സാരി വിറ്റഴിക്കപ്പെട്ടത്. ഇതോടെ ‘ലോകത്തിലെ ഏറ്റവും വിലയേറിയ സാരി’ എന്ന പദവി ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഈ സാരിക്ക് നൽകി. എന്നാൽ ഈ സാരിയെ യഥാർത്ഥത്തിൽ വേറിട്ടതാക്കുന്നത് അതിന്റെ വിലയല്ല, മറിച്ച് അതിലേയ്ക്ക് നെയ്തുചേർത്തിരിക്കുന്ന കലാസൗന്ദര്യമാണ്.
പ്രശസ്ത ഇന്ത്യൻ ചിത്രകാരനായ രാജാ രവി വർമ്മയുടെ 11 ചിത്രങ്ങളാണ് ഈ സാരിയിൽ പുനരാവിഷ്കരിച്ചിരിക്കുന്നത്. അതിൽ പ്രധാനമായും അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്നായ ‘ഗാലക്സി ഓഫ് മ്യൂസീഷ്യൻസ്’ സാരിയുടെ കേന്ദ്ര ഭാഗത്ത് നെയ്തിരിക്കുന്നു. സംഗീതാവതരണത്തിൽ ഏർപ്പെട്ടിരിക്കുന്ന 11 സ്ത്രീകളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഇന്ത്യയുടെ സാംസ്കാരിക ഭൗമിക വൈവിധ്യത്തിന്റെ ദൃശ്യാവിഷ്കാരമാണ്. ഓരോ സ്ത്രീയും വ്യത്യസ്ത പ്രദേശങ്ങളെയും സമൂഹങ്ങളെയും പ്രതിനിധീകരിക്കുന്ന വേഷത്തിലാണ് നായർ മുണ്ടു ധരിച്ച് വീണ വായിക്കുന്ന സ്ത്രീ മുതൽ മറാത്തി ശൈലിയിലെ സാരി ധരിച്ച സ്ത്രീ വരെയുള്ള വൈവിധ്യം ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു.
കലാചരിത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതുപോലെ, ഈ ചിത്രം ഇന്ത്യയുടെ വൈവിധ്യം മാത്രമല്ല, രാജാ രവി വർമ്മ അവതരിപ്പിച്ച ‘ആദർശ’ സ്ത്രീത്വ സങ്കൽപവും പ്രതിഫലിപ്പിക്കുന്നു. യുവത്വം, സൗന്ദര്യം, ലജ്ജാശീലം ഇവയെല്ലാം ഒരുമിച്ചാണ് ചിത്രത്തിൽ ദൃശ്യമാകുന്നത്. അത്തരമൊരു സൂക്ഷ്മവും വിശദവുമായ ചിത്രത്തെ കൈത്തറിയിലൂടെ ഒരു സാരിയിൽ പുനർസൃഷ്ടിക്കുക എന്നത് അപൂർവമായ കലാപാടവം തന്നെ ആവശ്യപ്പെടുന്ന ഒന്നാണ്.
റിപ്പോർട്ടുകൾ പ്രകാരം ഈ സാരിയുടെ രണ്ട് പതിപ്പുകളാണ് നിർമ്മിച്ചത്. ഒന്നാമത്തേത് ബെംഗളൂരുവിലെ ഒരു ബിസിനസുകാരൻ തൻ്റെ പത്താം വിവാഹ വാർഷികത്തോടനുബന്ധിച്ച് സ്വന്തമാക്കി. രണ്ടാമത്തെ പതിപ്പ് 2009 ൽ കുവൈറ്റ് ആസ്ഥാനമായ ഒരു ബിസിനസുകാരൻ വാങ്ങുകയും ചെയ്തു.
ഒരു വസ്ത്രമെന്നതിലുപരി ഇന്ത്യൻ കലയും പാരമ്പര്യവും ആഡംബരവും ഒരുമിച്ച് നെയ്തുചേർത്തിരിക്കുന്ന ഈ ‘വിവാഹ പട്ടു’ കാഞ്ചീപുരം സാരി, ഇന്ത്യൻ കൈത്തറിയുടെ മഹത്വം ലോകത്തിനു മുന്നിൽ വീണ്ടും ഓർമ്മിപ്പിക്കുന്നു.









