
തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായാണ് രാജ്യാന്തര വനിതാ ക്രിക്കറ്റിന് കേരളത്തിന്റെ തലസ്ഥാനം വേദിയാവുന്നത്. ഇന്ത്യൻ വനിതാ ടീമും ശ്രീലങ്കൻ വനിതാ ടീമും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും തിരുവനന്തപുരത്താണ്.
26, 28 , 30 തീയതികളിലാണ് മത്സരങ്ങൾ. ഏകദിന ലോക ചാംപ്യൻമാരുടെ പ്രകടനം നേരിൽ കാണാനുള്ള സുവർണാവസരമാണ് മലയാളി ആരാധകർക്ക് ലഭിച്ചിട്ടുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ബാറ്റർമാരും ബൗളർമാരും മിന്നും ഫോമിലായതിനാൽ ഇന്നു വിജയിച്ച് പരമ്പര ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്.
ലോക കപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിലെ പ്രമുഖ താരങ്ങൾ തലസ്ഥാന നഗരിയിൽ എത്തുന്നതാണ് ക്രിക്കറ്റ് സ്നേഹികളെ ആവേശത്തിലാഴ്‌ത്തുന്നത്. ഹർമൻ പ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമിൽ സ്‌മൃതി മന്ദനയാണ് വൈസ് ക്യാപ്റ്റൻ. ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയുടെ സൂപ്പർ നായികയായ ജെമീമ റോഡ്രിഗ്രസ് , ഫൈനലിലെ താരം ഷഫാലി വർമ്മ എന്നിവരും കേരളത്തിന്റെ ക്രീസിൽ ബാറ്റ് വീശും. വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ റിച്ച ഘോഷും കൂടി ക്രീസിലിറങ്ങുന്നതോടെ കാര്യവട്ടത്ത് മികച്ചൊരു ക്രിക്കറ്റ് വിരുന്നു തന്നെയാണ് കായിക സ്നേഹികൾ പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളും വിശാഖ പട്ടണത്താണ് നടന്നത്. രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്.








