
തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖയുടെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. എംഎൽഎ ഓഫീസ് ഒഴിയാൻ എന്ത് അവകാശമാണുള്ളത്. പരസ്യമായി മാപ്പ് പറയണമെന്ന് മന്ത്രി പറഞ്ഞു.
കോർപ്പറേഷൻ കെട്ടിടത്തിൽ അവകാശവാദമുന്നയിക്കാൻ ആർ ശ്രീലേഖയ്ക്ക് അവകാശമോ അധികാരമോ ഇല്ല എന്നും എംഎൽഎമാർക്ക് സംസ്ഥാന സർക്കാരിന്റെയോ നഗരസഭയുടെയോ പഞ്ചായത്തിന്റെയോ അധീനതയിലുള്ള ഏതെങ്കിലും ഓഫീസ് ഉപയോഗിക്കാമെന്ന തീരുമാനം സംസ്ഥാന സർക്കാർ തന്നെ എടുത്തിട്ടുണ്ട്. ഇതിൽ പാർട്ടി വ്യത്യാസമില്ല. എൽഡിഎഫ്, യുഡിഎഫ് പാർട്ടികൾ ഭരിക്കുമ്പോളും ഇത്തരത്തിൽ ഓഫീസുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി പ്രതികരിച്ചു.
മുൻസിപ്പൽ കോർപ്പറേഷൻ ആക്ടോ പ്രോട്ടോക്കോളോ മനസ്സിലാക്കാതെയാണ് ശ്രീലേഖ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ഡിജിപി വിചാരിച്ചാൽ പോലും നിയമാനുസൃതമായി പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസിൽ നിന്നും ഒരു എംഎൽഎയെ ഒഴിപ്പിക്കാൻ നിയമപരമായി കഴിയില്ല. ഉന്നത പദവികൾ വഹിച്ച ഡിജിപിക്ക് പോലും ഇല്ലാത്ത അധികാരം ഒരു വാർഡ് കൗൺസിലർക്ക് എങ്ങനെയാണ് ലഭിക്കുന്നതെന്ന് മന്ത്രി ചോദിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഇത്തരം നീക്കങ്ങൾ നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധികാരം കിട്ടി രണ്ടോ മൂന്നോ ദിവസങ്ങൾ കഴിയുമ്പോഴേക്കും യുപിയിലോ ഗുജറാത്തിലോ ഒക്കെ ഏകാധിപത്യം അടിച്ചേൽപ്പിക്കുന്നത് പോലെ ഇവിടെയും ചെയ്യാൻ ശ്രമിക്കുകയാണ്. ഒഴിപ്പിക്കലൊന്നും ഇവിടെ നടക്കുന്ന കാര്യമല്ല. എംപിമാർക്കും എംഎൽഎമാർക്കും കേരള സർക്കാർ ഓഫീസുകൾ നൽകിയിട്ടുണ്ട്. ആരെയും ഇറക്കി വിടേണ്ട കാര്യമില്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു.
ഇന്നലെയാണ് എംഎൽഎ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടത്. ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് കെട്ടിടം തനിക്ക് വേണമെന്നായിരുന്നു ബിജെപി കൗൺസിലറായ ശ്രീലേഖയുടെ ആവശ്യം. എംഎൽഎ ഓഫീസ് ഇരിക്കുന്ന കെട്ടിടമാണ് തനിക്ക് സൗകര്യമെന്നായിരുന്നു ശ്രീലേഖയുടെ വാദം.
The post ഓഫീസ് ഒഴിയാൻ എന്ത് അവകാശം! പരസ്യമായി മാപ്പ് പറയണം; ശ്രീലേഖയ്‌ക്കെതിരെ വി ശിവൻകുട്ടി appeared first on Express Kerala.









