തൊടുപുഴ: ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആഘോഷിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. മൂന്നാർ, വാഗമൺ, തേക്കടി തുടങ്ങി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം തിരക്ക് വർധിച്ചു. ക്രിസ്മസ് ദിനത്തിൽ ജില്ലയിൽ ഡി.ടി.പി.സിയുടെ കീഴിലുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ മാത്രം 30,150 പേർ സന്ദർശനം നടത്തി. ക്രിസ്മസ് തലേന്ന് 15,419 പേരും. വെള്ളിയാഴ്ച 29,485 പേരാണ് ജില്ലയിലേക്ക് എത്തിയത്. മൂന്നാറിനേക്കാൾ വാഗമൺ തന്നെയായിരുന്നു സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം.
മൂന്ന് ദിവസത്തിനിടെ 20,676 പേരാണ് വാഗമൺ മൊട്ടക്കുന്ന് സന്ദർശിച്ചത്. വാഗമൺ അഡ്വഞ്ചർ പാർക്കിൽ 17,688 പേരും എത്തി. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ 10,538 പേരും രാമക്കൽമേട്ടിൽ 7652 പേരും 24, 25, 26 തീയതികളിലായി സന്ദർശനം നടത്തി. ഡി.ടി.പി.സിയുടെ കീഴിലുള്ള കേന്ദ്രങ്ങൾക്ക് പുറമെ, ജില്ലയിലെ വനംവകുപ്പിന്റെ കീഴിലുള്ള കേന്ദ്രങ്ങളിലും ഹൈഡൽ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്കേറി.

മൂന്നാർ ബോട്ടാണിക്കൽ ഗാർഡനിലെ തിരക്ക്
തമിഴ്നാട്, കർണാടക തുടങ്ങി മറ്റ് സംസ്ഥാനങ്ങളിൽനിന്നും ഒട്ടേറെ സഞ്ചാരികൾ എത്തുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്കേറിയത് ടൂറിസം മേഖലയെ ആശ്രയിച്ചു കഴിയുന്ന വ്യാപാരികൾ, ഹോട്ടൽ, വഴിയോരക്കച്ചവടക്കാർ എന്നിവർക്കും ഉണർവേകുകയാണ്. ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടക്കുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്തതോടെയാണ് സഞ്ചാരികളുടെ തിരക്ക് വർധിച്ചത്.
ഇടുക്കിയിൽ പലയിടങ്ങളിലും തണുപ്പും മഞ്ഞും അനുകൂല സാഹചര്യമൊരുക്കി. ഇതോടെ മൂന്നാറിലടക്കം കഴിഞ്ഞദിവസങ്ങളിൽ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. ശനിയാഴ്ചയും ജില്ലയുടെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സഞ്ചാരികളെ സ്വീകരിക്കാൻ റിസോർട്ടുകൾ, ഹോം സ്റ്റേകൾ, ലോഡ്ജുകൾ എന്നിവ നേരത്തേതന്നെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു.
യാത്രക്കാരെ വലച്ച് ഗതാഗതക്കുരുക്ക്
സഞ്ചാരികളുടെ വരവ് വർധിച്ചതോടെ മൂന്നാർ വൻ കുരുക്കിൽ. രണ്ട് മുതൽ അഞ്ച് മണിക്കൂർ വരെ സഞ്ചാരികളടക്കമുള്ളവർ ഗതാഗതക്കുരുക്കിൽപെട്ടു. മൂന്നുദിവസമായി മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. അതിശൈത്യവും ക്രിസ്മസ്-പുതുവർഷ അവധികളും ആരംഭിച്ചതോടെയാണ് മൂന്നാറിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചത്. ക്രിസ്മസ് ദിനത്തിൽ രാത്രി 11 വരെ രാജമല, മാട്ടുപ്പെട്ടി റോഡുകളിൽ വാഹനങ്ങൾ കുരുക്കിലായി.
മൂന്നാറിൽ ഒരാഴ്ചയായി താപനില മൈനസ് ഒന്ന്, പൂജ്യം ഡിഗ്രി സെൽഷ്യസിൽ തുടരുകയാണ്. രാത്രിയിലും പുലർച്ചയും അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, കുണ്ടള, ഫ്ലവർ ഗാർഡൻ, എക്കോ പോയന്റ്, പഴയ മൂന്നാർ ബ്ലോസം പാർക്ക്, ദേവികുളം റോഡിലെ ബോട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിൽ വാഹനങ്ങൾ നാലും അഞ്ചും മണിക്കൂറുകളാണ് ഗതാഗതകുരുക്കിൽപെട്ടുകിടക്കുന്നത്. ഹെഡ് വർക്സ് ഡാം മുതൽ രണ്ടാം മൈൽ വരെ ദേശീയപാതയിൽ പണികൾ നടക്കുന്നതിനാൽ ഈ ഭാഗത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.









