
കൊച്ചി: ആലുവ പുളിഞ്ചോട് ജംഗ്ഷന് സമീപമുള്ള ആക്രിക്കടയിലുണ്ടായ വൻ തീപിടുത്തം. തോപ്പുംപടി സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള ‘സിത്താര ട്രേഡേഴ്സി’ൽ തീപിടുത്തമുണ്ടായത്. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് പിടിച്ച തീ കടയിലേക്ക് പടരുകയായിരുന്നു. ശക്തമായ കാറ്റ് വീശിയതോടെ തീ അതിവേഗം ആളിപ്പടരുകയും നിയന്ത്രണാതീതമാവുകയും ചെയ്തു. തോപ്പുംപടി, ആലുവ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലെ ക്രെയിനുകളുടെയും വലിയ ചരക്കുവാഹനങ്ങളുടെയും ഉപയോഗശൂന്യമായ ടയറുകളും കോപ്പർ കേബിളുകളുമാണ് കടയിൽ സൂക്ഷിച്ചിരുന്നത്. റബ്ബർ ടയറുകൾക്ക് തീപിടിച്ചതോടെ കറുത്ത പുക ആകാശത്തേക്ക് ഉയരുകയും ദൂരപ്രദേശങ്ങളിൽ വരെ ദൃശ്യമാവുകയും ചെയ്തു. ടയറുകൾ കത്തിയതിനാൽ തീ അണയ്ക്കുന്നതിൽ അഗ്നിശമന സേന വലിയ വെല്ലുവിളി നേരിട്ടു. സംഭവത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
The post ആലുവയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു; കിലോമീറ്ററുകളോളം പുക പടർന്നു, ആറ് യൂണിറ്റ് ഫയർഫോഴ്‌സെത്തി തീയണച്ചു appeared first on Express Kerala.









