
ഇറാനെ ആക്രമിച്ചു കീഴടക്കാൻ പറ്റില്ലന്ന് ബോധ്യമായതോടെ ആഭ്യന്തര സംഘർഷമുണ്ടാക്കി ആ രാജ്യത്തെ തകർക്കാനാണ് ഇപ്പോൾ അമേരിക്കയും ഇസ്രയേലും ശ്രമിക്കുന്നത്. ഇവിടെ അവർ എല്ലാ വശങ്ങളിൽ നിന്നും ഇറാനെ ഉപരോധിക്കുകയാണ്. ഉപജീവനമാർഗ്ഗത്തിന്റെ കാര്യത്തിലും സാംസ്കാരികമായും രാഷ്ട്രീയമായും സുരക്ഷാപരമായും അമേരിക്കയും ഇസ്രയേലും നിരന്തരം ഇറാനിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
എന്നാൽ ആറ് മാസം മുൻപ് നടന്ന ഈ രാജ്യങ്ങളുടെ ആക്രമണത്തെയും അട്ടിമറി ശ്രമത്തെയും അതിജീവിച്ച ഇറാൻ ഈ പുതിയ വെല്ലുവിളികളെയും അതിജീവിക്കുമെന്ന് തന്നെയാണ് ഇറാനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ ഇപ്പോഴും കരുതുന്നത്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഫ്ലോറിഡയിൽ ചർച്ച നടത്തുന്ന ഘട്ടത്തിൽ തന്നെയാണ് ഇറാനിൽ സർക്കാർ വിരുദ്ധരും രംഗത്തിറങ്ങിയിരുന്നത്.
അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഉപരോധം മൂലം ബുദ്ധിമുട്ടുമ്പോഴും രാജ്യ താൽപര്യം മുൻ നിർത്തി മുട്ടുമടക്കാൻ ഇറാൻ ഭരണകൂടം തയ്യാറായിരുന്നില്ല. ഇതു തന്നെയാണ് ഇറാനിൽ ആഭ്യന്തര സംഘർഷത്തിനും വഴി മരുന്നിട്ടിരിക്കുന്നത്. ദേശീയ കറൻസിയുടെ തകർച്ചയ്ക്കും മോശം സാമ്പത്തിക സാഹചര്യങ്ങൾക്കുമെതിരെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ കഴിഞ്ഞ രണ്ട് ദിവസമായി വലിയ പ്രകടനങ്ങളാണ് നടന്നത്. ഇതിനു പിന്നിൽ ഇസ്രയേൽ ചാര സംഘടനയായ മൊസാദിനും അമേരിക്കൻ ചാര സംഘടനയായ സി.ഐ.എയ്ക്കും വലിയ പങ്കുള്ളതായ റിപ്പോർട്ടുകളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഇതിനെതിരെ ജാഗ്രത പുലർത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്ത ഇറാൻ ഭരണകൂടം ഇറാനികളുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. തന്റെ സർക്കാരിനോട് പ്രതിഷേധക്കാരുടെ “ന്യായമായ ആവശ്യങ്ങൾ” കേൾക്കാൻ ഇറാൻ പ്രസിഡൻ്റ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഞായറാഴ്ച മുതൽ തലസ്ഥാനത്ത് കടകൾ അടച്ചിട്ട് തെരുവുകളിൽ പ്രകടനങ്ങൾ സംഘടിപ്പിച്ച പ്രതിഷേധക്കാരുടെ ആശങ്കകളും ഇറാവ പ്രസിഡൻ്റ് പെസെഷ്കിയൻ അംഗീകരിച്ചിട്ടുണ്ട്. “ജനങ്ങളുടെ ഉപജീവനമാർഗ്ഗമാണ് എന്റെ ദൈനംദിന ആശങ്ക,” പെസെഷ്കിയൻ എക്‌സിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്. പ്രതിഷേധക്കാരുടെ ന്യായമായ ആവശ്യങ്ങൾ അവരുടെ പ്രതിനിധികളുമായി സംഭാഷണത്തിലൂടെ കേൾക്കാൻ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് യഥാർത്ഥ കാരണം പാശ്ചാത്ത്യ ശക്തികളാണ് എന്നത് ജനങ്ങൾ തിരിച്ചറിയണമെന്നും പ്രസിഡൻ്റ് അഭിർത്ഥിച്ചിട്ടുണ്ട്.
നിലവിലെ പ്രതിസന്ധി മറികടക്കാനും അമേരിക്കയുടെയും ഇസ്രയേലിൻ്റെയും അജണ്ട പൊളിക്കാനുമായി വിവിധ പദ്ധതികൾക്കും ഇറാൻ ഭരണകൂടം ഇതിനകം തന്നെ രൂപം നൽകിയിട്ടുണ്ട്. പണ, ബാങ്കിംഗ് സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിനും ജനങ്ങളുടെ വാങ്ങൽ ശേഷി സംരക്ഷിക്കുന്നതിനുമുള്ള അടിസ്ഥാനപരമായ നടപടികൾ സ്വീകരിക്കാനാണ് പുതിയ നീക്കമെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കൻ ഡോളറിനെതിരെ ഇറാനിയൻ റിയാലിന്റെ മൂല്യം റെക്കോർഡ് രൂപതിൽ താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതിനെ തുടർന്നാണ് ടെഹ്‌റാനിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. അമേരിക്കയും അവരുടെ പാശ്ചാത്യ സഖ്യകക്ഷികളും ഉപരോധങ്ങളും നയതന്ത്ര സമ്മർദ്ദവും കൂടുതൽ ശക്തമാക്കുകയും ഇസ്രായേലുമായുള്ള മറ്റൊരു യുദ്ധഭീഷണി നിലനിൽക്കുകയും ചെയ്യുന്നതിനാലാണ് സമീപ ആഴ്ചകളിൽ റിയാലിന്റെ മൂല്യം അതിവേഗം ഇടിഞ്ഞതെന്നാണ് സാമ്പത്തിക വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.
ടെഹ്‌റാനിലെ ജോംഹൗരി പ്രദേശത്തും ഗ്രാൻഡ് ബസാറിലും പരിസരത്തുമുള്ള രണ്ട് പ്രധാന ടെക് മൊബൈൽ ഫോൺ ഷോപ്പിംഗ് സെന്ററുകൾക്ക് സമീപമുള്ള കടയുടമകൾ ഞായറാഴ്ച തങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടാണ് തെരുവിലിറങ്ങിയത്. ഇതോടെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കൂടുതൽ പ്രതിഷേധങ്ങൾ നടക്കുകയായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കലാപവിരുദ്ധ സേനകൾ പൂർണ്ണ സജ്ജരായാണ് നില കൊണ്ടത്. കണ്ണീർ വാതകം പ്രയോഗിക്കുന്നത് ഒന്നിലധികം വീഡിയോകളിൽ നിന്നു തന്നെ ദൃശ്യമാണ്. അതേസമയം, പ്രതിഷേധത്തിൻ്റെ തുടക്കം എവിടെ നിന്നാണെന്നും അതിന് പിന്നിൽ ആരൊക്കെയാണ് പ്രവർത്തിച്ചത് എന്നതിനെ സംബന്ധിച്ചും ഇറാനിലെ അന്വേഷണ ഏജൻസികൾക്ക് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. മൊസാദിലേക്കും സി.ഐ.എയിലേക്കും തന്നെയാണ് സംശയങ്ങളുടെ മുന നീളുന്നത്.
1979 ലെ വിപ്ലവം മുതൽ രാജ്യം ഭരിക്കുന്ന സംവിധാനത്തോടുള്ള പ്രതിഷേധമോ നിരാശയോ അല്ല പ്രതിഷേധത്തിന് പിന്നിലെന്നും റിയാലിന്റെ അനിയന്ത്രിതമായ മൂല്യത്തകർച്ചയാണ് പ്രതിഷേധങ്ങൾക്ക് പ്രേരകമായതെന്നുമാണ് ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കറൻസിയുടെ മൂല്യത്തകർച്ച മാത്രമല്ല ഇറാൻ നേരിടുന്ന വെല്ലുവിളി. പണപ്പെരുപ്പം ഏകദേശം 50 ശതമാനത്തിലാണ് എന്നി നിൽക്കുന്നത്. വർഷങ്ങളായി ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണിത്. ഉപരോധം കൊണ്ട് അങ്ങനെ ആ രാജ്യത്തെ അമേരിക്ക എത്തിച്ചു എന്നു തന്നെ പറയേണ്ടി വരും.
ഇതിനു പുറമെ, ഇറാൻ രൂക്ഷമായ ഊർജ്ജ പ്രതിസന്ധിയും നേരിടുന്നുണ്ട്. ടെഹ്‌റാനും മറ്റ് പല വലിയ നഗരങ്ങൾക്കും വെള്ളം നൽകുന്ന മിക്ക അണക്കെട്ടുകളും കടുത്ത ജലപ്രതിസന്ധിക്കിടയിൽ ഏതാണ്ട് ശൂന്യമായ നിലയിലാണുള്ളത്. ഈ അവസരം മുതലെടുത്ത് ഇറാൻ ജനതയെ ഭരണകൂടത്തിന് എതിരെ തിരിച്ചു വിടാനാണ് അമേരിക്ക ശ്രമിച്ചിരിക്കുന്നത്. എന്നാൽ ഈ ശ്രമങളെയും പരാജയപ്പെടുത്തും എന്ന വാശിയിലാണ് സർക്കാർ സംവിധാനങ്ങൾ ഇപ്പോൾ ഉയർന്നു പ്രവർത്തിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് ഇസ്രയേലും അമേരിക്കയും ഇറാനെ ആക്രമിച്ചിരുന്നത്. 12 ദിവസത്തെ ആ യുദ്ധത്തിൽ സിവിലിയന്മാർ ഡസൻ കണക്കിന് ഉന്നത സൈനിക രഹസ്യാന്വേഷണ കമാൻഡർമാർ ആണവ ശാസ്ത്രജ്ഞർ എന്നിവരുൾപ്പെടെ 1,000-ത്തിലധികം ആളുകളാണ് ഇറാനിൽ കൊല്ലപ്പെട്ടിരുന്നത്.
ഇറാൻ നടത്തിയ തിരിച്ചടിയിൽ ഇസ്രയേൽ എന്ന രാജ്യത്തിന് ഇന്നുവരെ അനുഭവിക്കേണ്ടി വരാത്ത കയ്പേറിയ അനുഭവമാണ് ഉണ്ടായിരുന്നത്. ഇസ്രയേൽ അഭിമാനം കൊണ്ട അവരുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ തവിട് പൊടിയാക്കിയാണ് ഇറാൻ്റെ മിസൈലുകൾ ഇസ്രയേലിൽ പതിച്ചിരുന്നത്. ഇറാൻ ഒരു ബങ്കർ രാജ്യം അല്ലായിരുന്നു എങ്കിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുമായിരുന്നു എന്നത് ലോകം തിരിച്ചറിഞ്ഞ യാഥാർത്ഥ്യമാണ്. എന്തിനേറെ ഖത്തറിലെ അമേരിക്കൻ വ്യോമ താവളത്തിൽ വരെ ഇറാൻ്റെ മിസൈൽ പതിക്കുന്ന സാഹചര്യവും ഈ സംഘർഷത്തിനിടെ സംഭവിച്ചിട്ടുള്ളതാണ്. ഈ തിരിച്ചടിയിൽ ഭയന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുൻകൈ എടുത്ത് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ എത്തിയിരുന്നത്.
ലോകത്തിന് മുന്നിൽ ഇറാൻ്റെ പോരാട്ട വീര്യം തുറന്നു കാട്ടിയ ഈ സംഭവത്തോടെ നാണംകെട്ടത് അമേരിക്കയും ഇസ്രയേലുമാണ്. ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കുക ഇറാനെ നിരായുധീകരിക്കുക എന്ന ലക്ഷ്യമിട്ട് അവർ നടത്തിയ ആകമണമാണ് ഒന്നും നേടാനാകാതെ അവസാനിപ്പിക്കേണ്ടി വന്നിരുന്നത്. ഇറാൻ ആണവായുധം ഉണ്ടാക്കുന്നത് തടയാനായി ഇറാൻ്റെ ആണവ നിലയത്തിൽ ഇട്ട ബോംബും വെറുതെയായി. ഇറാൻ്റെ സമ്പുഷ്ടീകരിച്ച യുറേനിയത്തിന് ഒരു പോറൽ പോലും സംഭവിച്ചിട്ടില്ലന്ന് അമേരിക്കൻ ഉന്നതർക്ക് പോലും തുറന്നു പറയേണ്ടി വന്നതും ഇറാൻ്റെ തകർച്ച ആഗ്രഹിക്കുന്ന പാശ്ചാത്യ ശക്തികൾക്ക് വൻ പ്രഹരമായിരുന്നു.
ഇതേ തുടർന്നാണ് ഇപ്പോൾ വീണ്ടും ഇറാനിൽ ആഭ്യന്തര സംഘർഷം ഉണ്ടാക്കാനായി ഇസ്രയേലും അമേരിക്കയും ശ്രമിച്ചിരിക്കുന്നത്. അതിൻ്റെ തീപ്പൊരിയാണ് ഇറാനിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. എന്നാൽ ആ തീപ്പൊരിയും ഇറാൻ ഭരണകൂടത്തിൻ്റെ തന്ത്രപരമായ നീക്കത്തെ തുടർന്ന് ഇപ്പോൾ തല്ലിക്കെടുത്തി കൊണ്ടിരിക്കുകയാണ്. രാജ്യം ഒറ്റക്കെട്ടായി ശത്രുവിൻ്റെ അജണ്ട തിരിച്ചറിയണമെന്നും അതിനെതിരെ അണിനിരക്കണമെന്നുമുള്ള ഇറാൻ ഭരണകൂടത്തിൻ്റെ ആഹ്വാനം ജനങ്ങളിൽ വലിയ പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.
“അമേരിക്ക, ഇസ്രയേൽ, യൂറോപ്പ് എന്നിവയുമായി ഇറാൻ ഒരു പൂർണ്ണ യുദ്ധത്തിലാണ്” എന്നാണ് ലോകത്തോടായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ വിളിച്ചു പറഞ്ഞിരിക്കുന്നത്. ഇസ്ലാമിക് റിപ്പബ്ലിക് സ്വന്തം കാലിൽ നിൽക്കാൻ പടിഞ്ഞാറൻ രാജ്യങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിലും അവരുടെ ആ സ്വപ്നം സ്വപ്നമായി തന്നെ അവശേഷിക്കുമെന്നാണ് പെഷേഷ്കിയൻ തുറന്നടിച്ചിരിക്കുന്നത്.
EXPRESS VIEW
വീഡിയോ കാണാം…
The post ഇറാനിൽ ആഭ്യന്തര കലാപം ഉണ്ടാക്കാൻ പാശ്ചാത്യ ഇടപെടൽ, കർക്കശ നടപടികളുമായി ഭരണകൂടം appeared first on Express Kerala.









