
ന്യൂഡൽഹി: നിർമ്മിത ബുദ്ധി (AI) മേഖലയിൽ ആഗോള നയരൂപീകരണം ലക്ഷ്യമിട്ട് ഇന്ത്യ സംഘടിപ്പിക്കുന്ന ‘എഐ ഇംപാക്ട് സമ്മിറ്റിലേക്ക്’ അയൽരാജ്യമായ ചൈനയെ ഔദ്യോഗികമായി ക്ഷണിച്ച് കേന്ദ്ര സർക്കാർ. 2026 ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന അഞ്ച് ദിവസത്തെ വാർഷിക സമ്മേളനത്തിലേക്ക് ഒരു പങ്കാളി രാഷ്ട്രമായി ചൈനയെ ക്ഷണിക്കുന്നത് ഇതാദ്യമായാണ്. കുറഞ്ഞ ചെലവിൽ എഐ മോഡലുകൾ വികസിപ്പിക്കുന്ന ചൈനീസ് സാങ്കേതികവിദ്യകളായ ഡീപ്‌സീക്ക്, ക്വെൻ എന്നിവ ആഗോളതലത്തിൽ ശ്രദ്ധനേടുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നിർണ്ണായക നീക്കം.
Also Read: ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എസ്. ജയശങ്കർ ബംഗ്ലാദേശിലേക്ക്
2026 ഫെബ്രുവരി 15 മുതൽ 20 വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും അമ്പതോളം രാഷ്ട്രത്തലവന്മാരും പങ്കെടുക്കും. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത എഐ മോഡലുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും, ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു ആഗോള എഐ നയം രൂപീകരിക്കാനുമാണ് ഈ സമ്മിറ്റിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ഫ്രാൻസ് ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങൾ ഇതിനോടകം സമ്മേളനത്തിൽ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.
സാങ്കേതിക ലോകത്തെ പ്രമുഖരായ ബിൽ ഗേറ്റ്സ്, ആന്ത്രോപ്പിക് സിഇഒ ഡാരിയോ അമോഡി, ഗൂഗിൾ ഡീപ് മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ് തുടങ്ങിയ പ്രമുഖരും സമ്മേളനത്തിന്റെ ഭാഗമാകും. ഉച്ചകോടിയുടെ ഭാഗമായി ഫെബ്രുവരി 18-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തലവന്മാർക്കും ആഗോള ടെക് സിഇഒമാർക്കുമായി ഔദ്യോഗിക വിരുന്നും ഒരുക്കുന്നുണ്ട്. ഇന്ത്യയുടെ എഐ സ്വപ്നങ്ങൾക്ക് കരുത്തുപകരുന്ന ഈ ഉച്ചകോടിയെ വലിയ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
The post ആഗോള എഐ ഉച്ചകോടിക്ക് ഡൽഹി ഒരുങ്ങുന്നു; ചൈനയെ ക്ഷണിച്ച് ഇന്ത്യ appeared first on Express Kerala.









