
കൊല്‍ക്കത്ത: ഇന്ത്യന്‍ വിമെന്‍സ് ലീഗ് ഫുട്ബോള്‍ നാലാം മത്സരത്തില്‍ ഗോകുലം കേരളയ്‌ക്ക് ജയം. ബെംഗളൂരു ക്ലബ്ബായ കിക്ക് സ്റ്റാര്‍ട്ട് എഫ് സിക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം കേരള വിജയിച്ചത്.
52-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അസെം റോജ ദേവി നേടിയ ഗോളിലാണ് ടീം വിജയിച്ചത്. കളിയുടെ ഭൂരിഭാഗം സമയവും പന്ത് കൈവശം വച്ച് അറ്റാക്ക് ചെയ്തു കളിച്ച ഗോകുലത്തിന് ആദ്യപകുതിയില്‍ മാത്രം അനവധി ഗോള്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാതെ പോവുകയായിരുന്നു. രണ്ടാം പകുതിയില്‍ വര്‍ധിത ഊര്‍ജത്തോടെ പന്തുതട്ടിയ ടീമിന് അധികം വൈകാതെ ഗോള്‍ നേടാനായി. കോര്‍ണര്‍ കിക്ക് കണക്ട് ചെയ്തു ഹെയ്ഡറിനു ശ്രമിച്ച പ്രിയദര്‍ശിനിയുടെ ഗോള്‍ ശ്രെമം കിക്ക്സ്റ്റാര്‍ട് ക്ലിയര്‍ ചെയ്‌തെങ്കിലും, തനിക്കുനേരെവന്ന പന്ത് ബോക്സില്‍ ഉണ്ടായിരുന്ന റോജ ഉടനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. സ്‌കോര്‍ 1-0. കളിയിലേക്ക് തിരിച്ചു വരാന്‍ തുടര്‍ന്ന് ശ്രേമിച്ച കിക്ക്സ്റ്റാര്‍ട്ടിനെ ഗോകുലം ഡിഫെന്‍ഡേര്‍സും ഫലപ്രദമായി തടയിട്ടു.
ടൂര്‍ണമെറ്റില്‍ ഇത് ഗോകുലം വനിതകളുടെ ആദ്യ വിജയമാണ്. മുന്‍ മത്സരങ്ങളില്‍ നിന്ന് രണ്ടു സമനിലയും ഒരു തോല്‍വിയുമാണ് ടീമിനുണ്ടായിരുന്നത്. പുതിയ സീസണില്‍ സിംഗിള്‍ വെന്യു ഫോര്‍മാറ്റില്‍ കൊല്‍ക്കത്തയിലാണ് മുഴുവന്‍ മത്സരങ്ങളും നടക്കുന്നത്. ജനുവരി 2നു നടക്കുന്ന അടുത്തമത്സരത്തില്‍ ഗോകുലം ഗര്‍വാള്‍ യുണൈറ്റഡിനെ (ഡല്‍ഹി) നേരിടും.









