
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പുരുഷന്മാരുടെ താടി വടിക്കുന്ന ബാർബർമാർക്കെതിരെ കർശന നടപടിയുമായി താലിബാൻ ഭരണകൂടം. നിയമം ലംഘിക്കുന്ന ബാർബർമാരെ ജയിലിലടയ്ക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. കുറ്റം തെളിയിക്കപ്പെട്ടാൽ 15 മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തുകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാശ്ചാത്യ ശൈലിയിലുള്ള ഹെയർസ്‌റ്റൈലുകൾ അനുകരിച്ചതിന് നിരവധി യുവാക്കളെ താലിബാൻ ഉദ്യോഗസ്ഥർ പരസ്യമായി മർദ്ദിക്കുകയും പരിഹസിക്കുകയും ചെയ്തതായി ആരോപണമുണ്ട്. പുരുഷന്മാർ താടി വളർത്തണമെന്നും പാശ്ചാത്യ രീതിയിലുള്ള വേഷവിധാനങ്ങളും മുടി വെട്ടുന്ന രീതികളും ഒഴിവാക്കണമെന്നും നേരത്തെ തന്നെ താലിബാൻ നിർദ്ദേശം നൽകിയിരുന്നു. മന്ത്രാലയത്തിന്റെ സദാചാര പോലീസ് വിഭാഗമാണ് ബാർബർ ഷോപ്പുകളിൽ പരിശോധന നടത്തുന്നത്. ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായ രീതിയിൽ മുടി വെട്ടുന്നതും താടി വടിക്കുന്നതും അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്.
കടകളിൽ വരാൻ ഭയമുള്ളതിനാൽ പലരും ഇപ്പോൾ ബാർബർമാരെ രഹസ്യമായി വീടുകളിലേക്ക് വിളിച്ചാണ് മുടി വെട്ടുന്നതും മറ്റും ചെയ്യുന്നത്. എന്നാൽ ഇതും വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. 2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതു മുതൽ തങ്ങളുടെ കച്ചവടത്തിൽ വൻ ഇടിവുണ്ടായതായി ബാർബർമാർ പറയുന്നു. വരുമാനം നിലച്ചതോടെ പല കുടുംബങ്ങളും പട്ടിണിയുടെ നിഴലിലാണ്.
The post താടി വടിച്ചാൽ തടവ്; ബാർബർമാർക്കെതിരെ കർശന നടപടിയുമായി താലിബാൻ appeared first on Express Kerala.









