മനാമ: കാസർഗോഡ് ജില്ലയിലെ വൈകല്യമുള്ള കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആരംഭിക്കുന്ന ഡിഫറന്റ് ആർട്‌സ് സെന്റർ (DAC) പദ്ധതിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് 2026 ജനുവരി 3-ന് വൈകുന്നേരം 8.00 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജം സന്ദർശിക്കും. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ സാന്നിധ്യത്തിലാണ് ഈ സന്ദർശനം നടക്കുന്നത്.
കലയും ശാസ്ത്രവും ഏകീകരിച്ച് സാമൂഹിക ഉൾക്കൊള്ളലിന് പുതിയ വഴികൾ തുറക്കുന്ന DAC പദ്ധതിയെക്കുറിച്ച് ബഹ്‌റൈനിലെ സാമൂഹ്യ–സാംസ്‌കാരിക സംഘടനകളോടും മലയാളി സമൂഹത്തോടും ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായാണ് ഗോപിനാഥ് മുതുകാടിന്റെ ഈ സന്ദർശനം. കാസർഗോഡ് ജില്ലയിൽ, പ്രത്യേകിച്ച് എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികൾ ഉൾപ്പെടെ നേരിടുന്ന സാമൂഹികവും വികസനപരവുമായ വെല്ലുവിളികൾക്ക് ദീർഘകാല പരിഹാരങ്ങൾ ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം.
ഡിഫറന്റ് ആർട്‌സ് സെന്ററിന്റെ പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനും പദ്ധതിക്ക് അന്താരാഷ്ട്ര തലത്തിലുള്ള പിന്തുണ ഉറപ്പാക്കുന്നതിനുമായി ഗോപിനാഥ് മുതുകാട് ഇതിനോടകം വിവിധ രാജ്യങ്ങൾ സന്ദർശിച്ച് സാമൂഹ്യ സംഘടനകളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.
ഫയൽ ചിത്രം: ഗോപിനാഥ് മുതുകാട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ എത്തിയപ്പോൾ
സാമൂഹ്യ സേവന രംഗത്ത് വർഷങ്ങളായി മുൻനിരയിൽ പ്രവർത്തിച്ച് കേരളത്തിനായി നിരവധി സാമൂഹ്യ–സാംസ്‌കാരിക പദ്ധതികൾക്ക് പ്രചോദനം നൽകിയിട്ടുള്ള പി.വി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ, ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 2023 സെപ്റ്റംബർ മാസത്തിൽ ഗോപിനാഥ് മുതുകാട് ബഹ്‌റൈൻ കേരളീയ സമാജം സന്ദർശിച്ചിരുന്നു.
ഈ പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും സെക്രട്ടറി വർഗീസ് കാരക്കലും വാർത്താ കുറിപ്പിലൂടെ അറിയിച്ചു.









