
കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസും പോലീസും നടത്തിയ പരിശോധനയിൽ മാരകമായ രാസലഹരിയുമായി മൂന്ന് പേർ പിടിയിലായി. കൂത്തുപറമ്പിലും അഞ്ചരക്കണ്ടിയിലുമായി നടന്ന വെവ്വേറെ റെയ്ഡുകളിലാണ് മലയാളിയും രണ്ട് ഇതരസംസ്ഥാനക്കാരും ലഹരിമരുന്നുമായി പിടിയിലായത്.
ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി ലഹരിമരുന്ന് എത്തിച്ച കോട്ടയം പൊയിൽ സ്വദേശി സി.എച്ച്. അഷ്കറാണ് കൂത്തുപറമ്പ് ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 12 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Also Read: പാസ്പോർട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ചു; പള്ളുരുത്തി സി.പി.ഒയ്ക്ക് സസ്പെൻഷൻ
മറ്റൊരു സംഭവത്തിൽ, അഞ്ചരക്കണ്ടിയിൽ വെച്ച് 32 ഗ്രാം എം.ഡി.എം.എയുമായി രണ്ട് അസം സ്വദേശികളെ പിണറായി എക്സൈസ് സംഘം പിടികൂടി. അസാം സ്വദേശികളായ സഹിദുൾ ഇസ്ലാം, മൊഗിബാർ അലി എന്നിവരാണ് പിടിയിലായത്. പിണറായി എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ വലയിലായത്. ഇവർ ലഹരിമരുന്ന് മൊത്തവ്യാപാരം നടത്തുന്നവരാണോ എന്ന കാര്യത്തിൽ എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
The post കണ്ണൂരിൽ ലഹരിവേട്ട; എം.ഡി.എം.എയുമായി മലയാളിയും അസം സ്വദേശികളും പിടിയിൽ appeared first on Express Kerala.









