മൂന്നാർ: ആദ്യ ഓട്ടത്തിൽ തന്നെ മികച്ച വരുമാനം നേടി മൂന്നാറിലെ ഡബിൾ ഡെക്കർ ബസ്. നിലവിൽ സർവിസ് നടത്തുന്ന ഡബിൾ ഡെക്കറിന് പുറമെയാണ് പുതുതായി സമാനമായ മറ്റൊരു ബസ് കൂടി സർവിസ് തുടങ്ങിയത്. ആദ്യദിവസം തന്നെ റെക്കോഡ് വരുമാനമാണ് ബസ് നേടിയത്. വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തെങ്കിലും ഞായറാഴ്ചയാണ് സർവിസ് തുടങ്ങാനായത്. ആദ്യദിവസം തന്നെ 124 യാത്രക്കാരിൽ നിന്നായി 42,000 രൂപ കെ.എസ്.ആർ.ടി.സിക്ക് വരുമാനം നേടാനായി.
വിനോദസഞ്ചാരികൾക്കായാണ് മൂന്നാറിൽ ഡബിൾ ഡെക്കർ ബസ് സർവിസ് നടത്തുന്നത്. മൂന്നാർ ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്റോഡ്, ആനയിറങ്ങൽ എന്നിവിടങ്ങൾ സന്ദർശിച്ചതിനുശേഷം തിരികെ ഡിപ്പോയിലെത്തുന്ന രീതിയിലാണ് സർവിസുകളുടെ ക്രമീകരണം. രാവിലെ 8, 9, 11.30, ഉച്ചക്ക് 12.30, വൈകിട്ട് 3, 4 എന്നീ സമയങ്ങളിലാണ് സർവിസുകൾ തുടങ്ങുന്നത്.
ഒരാഴ്ചയ്ക്കകം തമിഴ്നാട്ടിൽ പൊങ്കൽ അവധി ആരംഭിക്കും. വിനോദസഞ്ചാരികളുടെ തിരക്കേറുന്ന ഈ സമയത്ത് രണ്ട് ബസുകളും പൂർണമായി സർവീസ് നടത്തി കൂടുതൽ വരുമാനം നേടാനാവുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. ഫെബ്രുവരി 8-ന് ആണ് മൂന്നാറിൽ ആദ്യ ഡബിൾഡെക്കർ ബസ് സർവിസ് തുടങ്ങിയത്. ഇതിലൂടെ 1.25 കോടിയിലധികം രൂപ വരുമാനം നേടാനായി.









