
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കാത്ത ഇടതുപക്ഷം വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഡൽഹിയിലെ തന്റെ ‘ബോസുമാരെ’ തൃപ്തിപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളം മറക്കാൻ ആഗ്രഹിക്കുന്ന മാറാട് കലാപത്തെ രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി ഉപയോഗിക്കുകയാണെന്ന് വേണുഗോപാൽ പറഞ്ഞു. “മാറാട് അത്തരം കലാപങ്ങൾ ആവർത്തിക്കാതിരിക്കാനാണ് എല്ലാവരും ശ്രമിച്ചത്. എന്നാൽ അവിടെ രാഷ്ട്രീയ കച്ചവടത്തിന് വന്നത് പിണറായി വിജയനാണ്,” അദ്ദേഹം ഓർമ്മിപ്പിച്ചു. യുഡിഎഫ് എപ്പോഴും സുതാര്യമാണെന്നും മുന്നണിയിലെ കക്ഷികളെക്കുറിച്ച് രഹസ്യങ്ങൾ സൂക്ഷിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: സഭയല്ല, സീനിയോറിറ്റിയാണ് തുണച്ചത്’; വിവാദ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മേയർ വി.കെ മിനിമോൾ
ജമാഅത്തെ ഇസ്‌ലാമിയാകും യുഡിഎഫ് ഭരണത്തിൽ ആഭ്യന്തരം നിയന്ത്രിക്കുക എന്ന എ.കെ ബാലന്റെ പ്രസ്താവനയെ കെ.സി വേണുഗോപാൽ പരിഹസിച്ചു. ബാലന്റേത് തികച്ചും ബാലിശമായ പ്രസ്താവനയാണെന്നും യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ആഭ്യന്തരം ഭരിക്കുന്നത് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ജനപക്ഷ ഭരണമായിരിക്കും കാഴ്ചവെക്കുകയെന്നും അദ്ദേഹം പറഞ്ഞു.
The post മാറാട് രാഷ്ട്രീയ കച്ചവടം നടത്തിയത് പിണറായി; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.സി വേണുഗോപാൽ appeared first on Express Kerala.









