
ന്യൂഡൽഹി: രാജ്യത്തെ റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വാഹനങ്ങളിൽ വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ആശയവിനിമയ സാങ്കേതികവിദ്യ നടപ്പിലാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. വാഹനങ്ങൾ തമ്മിൽ പരസ്പരം വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന ഈ സംവിധാനം എത്തുന്നതോടെ റോഡ് സുരക്ഷയിൽ വിപ്ലവകരമായ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
എന്താണ് വി ടു വി സാങ്കേതികവിദ്യ?
വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ഓൺ ബോർഡ് യൂണിറ്റ് (OBU) എന്ന ഉപകരണം വഴിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. റോഡിലെ മറ്റ് വാഹനങ്ങളുടെ വേഗത, ദിശ, സ്ഥാനം എന്നിവ തത്സമയം മനസ്സിലാക്കി കൂട്ടിയിടി സാധ്യതയുണ്ടെങ്കിൽ ഡ്രൈവർക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ ഇതിന് കഴിയും. അപകടസാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചും റോഡിലെ തടസ്സങ്ങളെക്കുറിച്ചും ഈ ഉപകരണം ഡ്രൈവർമാരെ ബോധവാന്മാരാക്കും.
Also Read: തീയിൽ കുളിച്ചാലും ഒന്നും സംഭവിക്കില്ല! ലോകത്തെ കരുത്തൻ ഫാമിലി കാർ ‘ജെമേര’ അഗ്നിപരീക്ഷയും ജയിച്ചു
പുതിയ സംവിധാനം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ അന്തിമഘട്ടത്തിലാണ്. ഒരു വർഷത്തിനുള്ളിൽ ഇത് നിർബന്ധമാക്കാനാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ തീരുമാനം. ഈ ഉപകരണത്തിന് ഏകദേശം 5,000 മുതൽ 7,000 രൂപ വരെയാകും ചെലവ് വരിക. തുടക്കത്തിൽ പുതിയ വാഹനങ്ങൾക്കായിരിക്കും ഈ ഉത്തരവ് ബാധകമാവുക. V2V ആശയവിനിമയത്തിനായി നാഷണൽ ഫ്രീക്വൻസി അലോക്കേഷൻ പ്ലാനിന് കീഴിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സ്പെക്ട്രം അംഗീകരിച്ചിട്ടുണ്ട്.
ഈ സംവിധാനം നിലവിൽ വരുന്നതോടെ റോഡപകടങ്ങൾ 80 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്ന് ഡൽഹിയിൽ നടന്ന ഗതാഗത വികസന കൗൺസിൽ യോഗത്തിൽ നിതിൻ ഗഡ്കരി വ്യക്തമാക്കി.
The post റോഡപകടങ്ങൾ 80% കുറയും! വാഹനങ്ങൾ തമ്മിൽ ‘സംസാരിക്കും’; വിപ്ലവകരമായ V2V സാങ്കേതികവിദ്യയുമായി നിതിൻ ഗഡ്കരി appeared first on Express Kerala.









