
കൊല്‍ക്കൊത്ത: ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ കിരീടം നേടി കേരളത്തില്‍ നിന്നുള്ള താരം നിഹാല്‍ സരിന്‍; മണിക്കൂറുകള്‍ക്ക് മുന്‍പ് മരണപ്പെട്ട, തന്നെ ചെസ്സിലേക്ക് കൂട്ടിക്കൊണ്ടുവന്ന മുത്തച്ഛന് തന്റെ കിരീടം സമര്‍പ്പിച്ച് നിഹാല്‍ സരിന്‍ .
അവസാന റൗണ്ടായ ഒമ്പതാം റൗണ്ടില്‍ വിശ്വനാഥന്‍ ആനന്ദുമായി സമനില പിടിച്ചതോടെയാണ് ആറര പോയിന്‍റോടെ നിഹാല്‍ സരിന് കിരീടം നേടിയത്. ആറ് പോയിന്‍റ് നേടിയ വിശ്വനാഥന്‍ ആനന്ദ് രണ്ടാമതായി.
ഈയിടെ സമാപിച്ച ഫിഡെ ലോക റാപ്പിഡിലും ബ്ലിറ്റ്സിലും മൂന്നാം സ്ഥാനം നേടിയ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയ്‌ക്ക് വെറും അഞ്ച് പോയിന്‍റേ ലഭിച്ചുള്ളൂ. വെങ്കലം നേടി.
“ഇവിടെ കിരീടം നേടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് അമ്മയുടെ പിതാവ് മരിച്ചതായി അറിയിപ്പ് വന്നു. എന്നെ ചെസ്സ് കളിയിലേക്ക് കൈപ്പിടിച്ചുകൊണ്ടുവന്ന വ്യക്തിയാണ്. എന്റെ ഈ കിരീടം അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു.”- നിഹാല്‍ സരിന്‍ പറഞ്ഞു. കേരളത്തില്‍ തൃശൂര്‍ സ്വദേശിയാണ് നിഹാല്‍ സരിന്‍.
വനിതകളില്‍ ലോകചാമ്പ്യന്‍ ദിവ്യ ദേശ്മുഖിന് മൂന്നാം സ്ഥാനം മാത്രം
വനിതകളുടെ റാപ്പിഡ് മത്സരത്തില്‍ റഷ്യയുടെ കാതറിന ലഗ്നോ ആറര പോയിന്‍റുകളോടെ കിരീടം നേടി. ആറ് പോയിന്‍റ് നേടിയ റഷ്യയുടെ തന്നെ അലക്സാന്ദ്ര ഗോര്യച് കിന വെള്ളി നേടി. ഇന്ത്യയുടെ ഫിഡെ ലോകചാമ്പ്യനായ ദിവ്യ ദേശ്മുഖ് നാലര പോയിന്‍റോടെ വെങ്കലം നേടി.









