
ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പുറത്തുവന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന മൂന്നാമത്തെ കേസിലാണ് നിലവിൽ രാഹുൽ റിമാൻഡിലുള്ളത്. ഇതിനിടയിലാണ് ടെലഗ്രാം വഴിയുള്ള ഭീഷണി സന്ദേശങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ഭീഷണി സന്ദേശങ്ങളിലെ പ്രധാന ഉള്ളടക്കം
അതിജീവിത അയച്ച സന്ദേശങ്ങൾക്ക് മറുപടിയായാണ് രാഹുലിന്റെ ഭീഷണി. “പേടിപ്പിക്കാൻ നീ അല്ല, ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട. പേടിക്കാൻ ഉദ്ദേശമില്ല. ഇനി അങ്ങോട്ട് ഓരോരുത്തർക്കും അവരുടെ കുടുംബത്തിനും തിരിച്ചുകൊടുക്കും,” എന്നാണ് ഒരു സന്ദേശത്തിലുള്ളത്. താൻ മാത്രം മോശക്കാരനാകുന്ന സാഹചര്യം ഇനി അനുവദിക്കില്ലെന്നും തനിക്ക് നഷ്ടപ്പെടാൻ ഇനി ഒന്നുമില്ലെന്നും രാഹുൽ സന്ദേശങ്ങളിൽ വ്യക്തമാക്കുന്നു.
Also Read: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയ്ക്ക് അപമാനം; തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറാണോ എന്ന് മന്ത്രി ആർ. ബിന്ദു
മറ്റുള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട് നീ ഇപ്പോൾ സൂപ്പർ ഹീറോ ആവുകയാണോ എന്ന അതിജീവിതയുടെ ചോദ്യത്തിന്, “നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാനും ചെയ്യും. നീ ചെയ്യുന്നത് ഞാൻ താങ്ങും, പക്ഷെ നീ താങ്ങില്ല. നിന്റെ ഭീഷണിയൊക്കെ നിർത്തിയേക്ക്. നിന്റെ വീട്ടിൽ ഞാൻ കുറേ ആളുകളുമായി വരും” എന്നിങ്ങനെയുള്ള മറുപടികളാണ് രാഹുൽ നൽകിയിരിക്കുന്നത്. കോടതിയിൽ കേസ് വരുമ്പോൾ ഉള്ള അവസ്ഥ കാണാമെന്നും ധൈര്യമുണ്ടെങ്കിൽ വാർത്താസമ്മേളനം നടത്തൂ എന്നും രാഹുൽ വെല്ലുവിളിക്കുന്നുണ്ട്.
വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന പരാതിയിലാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇത് രാഹുലിനെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗക്കേസാണ്. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.
The post നീ ചെയ്യുന്നത് ഞാൻ താങ്ങും, നീ താങ്ങില്ല! അതിജീവിതയെ ഭീഷണിപ്പെടുത്തി രാഹുൽ മാങ്കൂട്ടത്തിൽ; സന്ദേശങ്ങൾ പുറത്ത് appeared first on Express Kerala.









