
വഡോദര: ഭാരത പര്യടനത്തിനെത്തിയ ന്യൂസിലന്‍ഡുമായുള്ള പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ അങ്കം ഇന്ന് വഡോദരയില്‍ നടക്കും. രാത്രിയും പകലുമായി നടക്കുന്ന മത്സരം ഉച്ചയ്‌ക്ക് 1.30ന് ആരംഭിക്കും.
പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച രാജ്‌കോട്ടില്‍ നടക്കും. മൂന്നാമത്തെയും അവസാനത്തെയും മത്സരം അടുത്ത ഞായറാഴ്ച ഇന്‍ഡോറിലാണ്. ഏകദിനത്തിന് പിന്നാലെ 21ന് ട്വന്റി20 പരമ്പര ആരംഭിക്കും. അഞ്ച് കളികളാണ് ടി20യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അടുത്ത വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായായിരിക്കും ഏകദിന ലോകകപ്പ് നടക്കുക. അതിനുള്ള ഭാരതത്തിന്റെ ഒരുക്കം തുടങ്ങുന്നതായാണ് ഇന്ന് ആരംഭിക്കുന്ന പരമ്പരയെ കണക്കാക്കുന്നത്. ഒരുവര്‍ഷം മുമ്പ് ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിക്കൊണ്ടാണ് ഭാരതം ടെസ്റ്റില്‍ വലിയ തിരിച്ചടി നേരിട്ടു തുടങ്ങിയത്. 2024 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തുടങ്ങിയ ആ തിരിച്ചടികളില്‍ നിന്ന് ഭാരതത്തിന് ഇനിയും കരകയറാന്‍ സാധിച്ചിട്ടില്ല.
ടെസ്റ്റില്‍ വലിയ പോരായ്‌മകളിലൂടെ കടന്നുപോകുമ്പോഴും പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഏറ്റവും മികച്ച ടീമായാണ് ഭാരതം മുന്നേറുന്നത്. അതിനുള്ള ഉദാഹരണമാണ് 2024ല്‍ നേടിയ ട്വന്റി20 ലോകകപ്പും കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടവും. ഐസിസിയുടെ ഏകദിന, ട്വന്റി20 റാങ്കിങ്ങുകളില്‍ ഭാരതം ഒന്നാം സ്ഥാനത്ത് തുടരുന്നത് ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നു. ടെസ്റ്റില്‍ നാലാം സ്ഥാനത്താണ്.
ഏകദിനത്തില്‍ ഭാരതത്തിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ടീം ന്യൂസിലന്‍ഡ് ആണ്. അതിനാല്‍ ഇന്ന് ആരംഭിക്കുന്ന പരമ്പര തീപാറുന്ന മത്സരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകകപ്പ് പോലൊരു മത്സരത്തിന് ഭാരത ടീമിന് കൃത്യമായൊരു വിലയിരുത്തല്‍ നടക്കാന്‍ പോന്ന എതിരാളികളാണ് മൈക്കല്‍ ബ്രേയ്‌സ്‌വെല്‍ നയിക്കുന്ന കിവീസ് പടയെന്നതില്‍ സംശയമില്ല. ടെസ്റ്റ്, ട്വന്റി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ച മുന്‍ ക്യാപ്റ്റന്‍മാരായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഏകദിനത്തില്‍ കളിക്കാനിറങ്ങുന്നുണ്ട്. ഇരുവരും ഏകദിന ലോകകപ്പ് വരെ ടീമില്‍ കാണുമോയെന്ന് ഉറപ്പില്ല. പക്ഷെ നിലവിലെ സ്ഥിതിയില്‍ മികച്ച ഫോമിലാണ് രണ്ട് ബാറ്റര്‍മാരും. ഓസ്‌ട്രേലിയയിലെത്തി ഭാരതം കളിച്ച ഏകദിനത്തില്‍ പരമ്പരയുടെ താരമായാണ് രോഹിത് ശര്‍മ മടങ്ങിയെത്തിയത്. അതിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലും രോഹിത് മികച്ച പ്രകടനം കാഴ്‌ച്ചവച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒരു മത്സരത്തില്‍ വിരാട് കോഹ്‌ലി കരിയറിലെ 52-ാം ഏകദിന സെഞ്ചുറിയും നേടിയിരുന്നു.
ട്വന്റി20 ലോകകപ്പ് പരിഗണിച്ച് പേസര്‍ ജസ്പ്രീത് ബുംറയ്‌ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. കിവീസിനെതിരെ മുഹമ്മദ് സിറാജ് ആയിരിക്കും ഭാരത ബൗളിങ്ങിനെ മുന്നില്‍ നിന്ന് നയിക്കുക.
ടീം:
ഭാരതം-രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍(വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷദീപ് സിങ്, മുഹമ്മദ് സിറാജ്, പ്രസീദ്ധ് കൃഷ്ണ, ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാള്‍, രവീന്ദ്ര ജഡേജ
ന്യൂസിലന്‍ഡ്- ഡെവോന്‍ കോണ്‍വേ(വിക്കറ്റ് കീപ്പര്‍), വില്‍ യങ്, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫില്ലിപ്‌സ്, മാക്കല്‍ ബ്രെയ്‌സ്‌വെല്‍(ക്യാപ്റ്റന്‍), സക്കാരി ഫോല്‍കസ്, നിക്കി കെല്ലി, ജോഷ് ക്ലാര്‍ക്‌സണ്‍, മൈക്കല്‍ റേ, കൈല്‍ ജാമീസണ്‍, മിച്ചല്‍ ഹേ, ആധിത്യ അശോക്, ക്രിസ്റ്റിയാന്‍ ക്ലാര്‍ക്, ജെയ്‌ഡെന്‍ ലെന്നോക്‌സ്









