ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ പേരുകളിലും വ്യത്യസ്ത ആചാരങ്ങളിലുമാണ് മകര സംക്രാന്തി ആഘോഷിക്കുന്നത്. സൂര്യൻ മകരരാശിയിലേക്കുള്ള പ്രവേശനം സൂചിപ്പിക്കുന്ന ഈ ഉത്സവം, കൃഷിയുമായി ബന്ധപ്പെട്ടതും വിളവെടുപ്പ് കാലത്തിന്റെ സമാപനത്തെയും പുതുവർഷത്തിന്റെ തുടക്കത്തെയും പ്രതിനിധീകരിക്കുന്നതുമാണ്. പ്രകൃതിയോടുള്ള നന്ദിയും ഐക്യവും സമൃദ്ധിയും ഈ ഉത്സവത്തിന്റെ മുഖ്യ ആശയങ്ങളാണ്.
ഇന്ത്യയുടെ ഓരോ സംസ്ഥാനവും മകര സംക്രാന്തിയെ തങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തിന് അനുസരിച്ച് ആഘോഷിക്കുന്നു. പല സംസ്ഥാനങ്ങളിലും പട്ടം പറത്തൽ, ദീപം തെളിയിക്കൽ , പാരമ്പര്യ നൃത്തങ്ങൾ, സംഗീത പരിപാടികൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമാണ്. എള്ള്, ശർക്കര, അരി, കരിമ്പ് തുടങ്ങിയ വിളവെടുപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ ഉത്സവത്തിന് പ്രത്യേകത നൽകുന്നു. ഈ വിഭവങ്ങൾ പങ്കുവെക്കുന്നതിലൂടെ സൗഹൃദവും സഹോദരത്വവും ശക്തിപ്പെടുന്നു.
Also Read: മകര സംക്രാന്തി 2026: ഇന്ത്യയിൽ ഏറ്റവും മനോഹരമായി ആഘോഷിക്കുന്ന 5 സ്ഥലങ്ങൾ
പേരുകളും ആചാരങ്ങളും വ്യത്യസ്തമായാലും, മകര സംക്രാന്തി ഭാരതത്തിന്റെ വൈവിധ്യത്തിൽ ഐക്യം പ്രകടമാക്കുന്ന ഒരു മഹത്തായ ഉത്സവമാണ്. ഒരേ സൂര്യനെയും ഒരേ പ്രകൃതിയെയും ആദരിച്ചുകൊണ്ട്, ഇന്ത്യ മുഴുവൻ ഒരേ സമയത്ത് ആഘോഷിക്കുന്ന ഈ ഉത്സവം ദേശത്തിന്റെ സാംസ്‌കാരിക സമൃദ്ധിയുടെ മനോഹരമായ പ്രതീകമായി നിലകൊള്ളുന്നു.
ഇന്ത്യയുടെ വിവധ ഭാഗങ്ങളിൽ മകര സംക്രാന്തി എങ്ങനെ വൈവിധ്യമായി ആഘോഷിക്കപ്പെടുന്നു എന്ന് നോക്കാം.
1- കാശ്മീർ – ശിശുർ സാങ്ക്രാത്ത്
കാശ്മീർ ഹിന്ദുക്കൾ ആഘോഷിക്കുന്ന ഒരു പ്രധാന പാരമ്പര്യ ഉത്സവമാണ് ശിശുർ സാങ്ക്രാത്ത്. ഈ ദിവസം, പരേതരായ ആത്മാക്കളുടെ നാമത്തിൽ കുടുംബപുരോഹിതന് ‘കാങ്‌രി’ (പരമ്പരാഗത മൺചട്ടിയോ മൺപാത്രമോ) ദാനമായി നൽകുന്ന ആചാരമാണ് പ്രധാനമായി നടത്തപ്പെടുന്നത്. പൂർവികർക്കുള്ള ആദരസൂചകമായാണ് ഈ വഴിപാടുകൾ സമർപ്പിക്കുന്നത്.
പരമ്പരാഗതമായി, വീടിന്റെ ചുറ്റും ‘ചൂനിയു’ (ചുണ്ണാമ്പ്)യും ‘തീൽ’ (എള്ള്)യും ചേർത്ത് വിതറുന്ന പതിവും ശിശുർ സാങ്ക്രാത്തിനോട് അനുബന്ധിച്ചിരിക്കുന്നു. ചുണ്ണാമ്പിന് രോഗാണുനാശക ഗുണമുണ്ടെന്ന് വിശ്വസിക്കപ്പെടുമ്പോൾ, എള്ള് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഈ ആചാരങ്ങൾ വീടിനും കുടുംബത്തിനും ആരോഗ്യവും സമ്പത്തും നൽകുമെന്ന വിശ്വാസവും ഇതോടൊപ്പം നിലനിൽക്കുന്നു.
ആത്മീയതയും ശുചിത്വബോധവും സാമൂഹിക മൂല്യങ്ങളും ഒരുപോലെ ഉൾക്കൊള്ളുന്ന ഈ ഉത്സവം, കാശ്മീരിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. തലമുറകളിലൂടെ കൈമാറിവരുന്ന ഈ ആചാരങ്ങൾ, പൂർവികരോടുള്ള ആദരവും കുടുംബബന്ധങ്ങളുടെ ആഴവും ഊന്നിപ്പറയുന്നവയാണ്.
2- സിക്കിം: മാഘേ സങ്ക്രാന്തി
സിക്കിമിലും നെപ്പാളി സമൂഹങ്ങളിലും ആചരിക്കുന്ന ഒരു പ്രധാന ഉത്സവമാണ് മാഘേ സങ്ക്രാന്തി. വിക്രമ സംവത് (B.S) അഥവാ യേലെ കലണ്ടർ പ്രകാരം മാഘ മാസത്തിലെ ആദ്യ ദിനത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്.
കാലാവസ്ഥയിലെ ഈ മാറ്റം കൃഷിയുമായി ബന്ധപ്പെട്ട ഒരു പുതിയ തുടക്കമായി കരുതപ്പെടുന്നു. പുതുമയും പ്രതീക്ഷയും നിറഞ്ഞ ഈ ദിനം പല സമൂഹങ്ങൾക്കും ആത്മീയമായും സാമൂഹികമായും വലിയ പ്രാധാന്യമുള്ളതാണ്.
തരു (Tharu) ജനവിഭാഗത്തിന് മാഘേ സങ്ക്രാന്തിക്ക് പ്രത്യേക സ്ഥാനമുണ്ട്. അവർ ഈ ദിനം പുതുവത്സരമായി ആചരിക്കുന്നു. കുടുംബാംഗങ്ങൾ ഒരുമിച്ച് കൂടുകയും, പരമ്പരാഗത ഭക്ഷണങ്ങളും ആചാരങ്ങളും പങ്കുവെച്ച് ഉത്സവാന്തരീക്ഷത്തിൽ ദിനം ആഘോഷിക്കുകയും ചെയ്യുന്നു.
3- തമിഴ്നാട്: പൊങ്കൽ
തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിളവെടുപ്പ് ഉത്സവങ്ങളിലൊന്നാണ് പൊങ്കൽ. സൂര്യദേവനോടുള്ള നന്ദി പ്രകടനമായാണ് ഈ ഉത്സവം ആചരിക്കുന്നത്. പ്രകൃതിയോടും ഭൂമിയോടും കൃഷിയോടുമുള്ള മനുഷ്യന്റെ ആഴത്തിലുള്ള ബന്ധമാണ് പൊങ്കൽ പ്രതിനിധീകരിക്കുന്നത്.
പൊങ്കൽ എന്നത് അരി, പാൽ, ശർക്കര എന്നിവ ചേർത്ത് മൺപാത്രത്തിൽ തയ്യാറക്കുന്ന ഒരു വിഭവമാണ്. ‘പൊങ്കൽ’ എന്ന വാക്കിന് “തിളച്ചു പൊങ്ങുക” എന്നാണ് അർത്ഥം. പാത്രത്തിൽ അരി തിളച്ചു പൊങ്ങുമ്പോൾ, തങ്ങൾക്ക് സമൃദ്ധിയും ഐശ്വര്യവും വരുമെന്ന് അവർ കരുതുന്നു.
സമൂഹസംഗമവും ആചാരങ്ങളും നന്ദിയുടെയും ആഘോഷത്തിന്റെയും ഒരു കൂട്ടായ്മയായി പൊങ്കൽ മാറുന്നു. പ്രകൃതിയോട് നന്ദി പറഞ്ഞ്, സമൃദ്ധിയെ സ്വാഗതം ചെയ്യുന്ന ഈ ഉത്സവം തമിഴ് സംസ്കാരത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു.
4- കേരളം: മകരവിളക്ക്
കേരളത്തിലെ ശബരിമല സന്നിധിയിൽ എല്ലാ വർഷവും മണ്ഡലക്കാലത്ത് ആചരിക്കുന്ന ഒരു ഉത്സവമാണ് മകരവിളക്ക്. മകരവിളക്കുമായി ബന്ധപ്പെട്ട് ദൃശ്യമാകുന്ന ദിവ്യപ്രകാശം, അയ്യപ്പന്റെ സാന്നിധ്യത്തെയും അനുഗ്രഹത്തെയും പ്രതിനിധീകരിക്കുന്നതായി ഭക്തർ വിശ്വസിക്കുന്നു. ആ ദൈവിക പ്രകാശം ഭക്തരുടെ ജീവിതപാതയെ പ്രകാശിപ്പിച്ച് ആത്മീയ ഉണർവ്വിലേക്കും മോക്ഷത്തിലേക്കും നയിക്കുന്നു എന്നതാണ് ആചാരപരമായ വിശ്വാസം.
ലക്ഷക്കണക്കിന് അയ്യപ്പഭക്തർ കഠിനവ്രതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കി ശബരിമലയിൽ എത്തിച്ചേരുന്ന ഈ വേള, വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും മഹോത്സവമായി മാറുന്നു. “സ്വാമിയേ ശരണമയ്യപ്പാ” എന്ന മന്ത്രധ്വനിയോടെ മലനിരകൾ മുഴങ്ങുമ്പോൾ, മകരവിളക്ക് കേരളത്തിന്റെ ആത്മീയ പാരമ്പര്യത്തിന്റെ ഉജ്ജ്വലമായ പ്രതീകമായി നിലകൊള്ളുന്നു.
5- കർണാടക: സുഗ്ഗി ഹബ
കർണാടക സംസ്ഥാനത്ത് വിളവെടുപ്പ് ഉത്സവം സുഗ്ഗി എന്ന പേരിലാണ് അറിയപ്പെടുന്നത്. കൃഷിയുമായി ബന്ധപ്പെട്ട ഈ ഉത്സവം പ്രകൃതിയോടുള്ള നന്ദിയുടെയും സമൃദ്ധിയുടെയും ആഘോഷമായി ആചരിക്കപ്പെടുന്നു.
സുഗ്ഗി ആഘോഷങ്ങളുടെ ഭാഗമായി ആളുകൾ എല്ലു ബിരോഡു എന്ന പ്രത്യേക ആചാരം അനുഷ്ഠിക്കുന്നു. വെളുത്ത എള്ള്, വറുത്ത നിലക്കടല, ഉണക്ക തേങ്ങ, ശർക്കര എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ മിശ്രിതം ബന്ധുക്കൾക്കും സുഹൃത്തുകൾക്കും തമ്മിൽ പരസ്പരം കൈമാറുന്നതാണ് ആചാരത്തിന്റെ പ്രത്യേകത.
ഈ കൈമാറ്റം സ്നേഹബന്ധങ്ങളെയും കുടുംബ ഐക്യത്തെയും ശക്തിപ്പെടുത്തുന്നതോടൊപ്പം, സമൃദ്ധിയും ആരോഗ്യവും പങ്കുവെക്കുന്ന ഒരു സാമൂഹിക സന്ദേശവും നൽകുന്നു. പാരമ്പര്യ സംഗീതം, വേഷങ്ങൾ, ഭക്ഷണങ്ങൾ എന്നിവയോടെ സുഗ്ഗി ഹബ കർണാടകയുടെ സാംസ്കാരിക സമ്പന്നതയുടെ മനോഹരമായ പ്രതിഫലനമായി മാറുന്നു.
6- തെലങ്കാന, ആന്ധ്രപ്രദേശ്: പെദ്ദ പണ്ടുഗ
തെലങ്കാനയിലും ആന്ധ്രപ്രദേശിലും ആഘോഷിക്കുന്ന പ്രധാന വിളവെടുപ്പ് ഉത്സവമാണ് പെദ്ദ പണ്ടുഗ. നാലുദിവസം നീണ്ടുനിൽക്കുന്ന ഈ ആഘോഷപരമ്പരയിൽ ഭോഗി, പെദ്ദ പണ്ടുഗ, കാനുമ, മുക്കാനുമ എന്നീ ദിനങ്ങൾ ഉൾപ്പെടുന്നു.
‘പെദ്ദ പണ്ടുഗ’ എന്നതിന് അക്ഷരാർത്ഥത്തിൽ “വലിയ ഉത്സവം” എന്നാണ് അർത്ഥം. ഈ ദിനം പ്രാർത്ഥനകളോടെയും, പുതുവസ്ത്രധാരണത്തോടെയും, അതിഥികളെ ക്ഷണിച്ച് വിരുന്നൊരുക്കിയുമാണ് ആചരിക്കുന്നത്. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒരുമിച്ചുകൂടുന്ന ഈ അവസരം സാമൂഹികബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുന്നു. കൃഷിയോടും പ്രകൃതിയോടുമുള്ള നന്ദി പ്രകടനമാണ് പെദ്ദ പണ്ടുഗയുടെ ആത്മാവ്.
7- ഒഡീഷ: മകര ചൗള
ഒഡീഷയിൽ മകരസംക്രാന്തിയുമായി ബന്ധപ്പെട്ട് പ്രത്യേക പ്രാധാന്യമുള്ള ഒരു പരമ്പരാഗത വിഭവമാണ് മകര ചൗള. അരി, തേങ്ങ, വിവിധ പഴവർഗങ്ങൾ എന്നിവ ചേർത്ത് തയ്യാറാക്കുന്ന മധുരഭക്ഷണമാണ് ഇത്. ഉത്സവകാലത്ത് ദേവാലയങ്ങളിലും വീടുകളിലും ഈ വിഭവം നിവേദ്യമായി ഒരുക്കപ്പെടുന്നു.
മകര ചൗളയുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ ഭാഗമായി, ഭക്തർ രാവിലെ കടൽത്തീരത്ത് സ്നാനം നടത്തി ശേഷം സൂര്യദേവനോട് പ്രാർത്ഥനകൾ അർപ്പിക്കുന്നു. പ്രകൃതിയോടും സൂര്യനോടുമുള്ള നന്ദിയുടെയും ശുദ്ധീകരണത്തിന്റെയും പ്രതീകമായാണ് ഈ ആചാരം കണക്കാക്കപ്പെടുന്നത്.
ഇതോടൊപ്പം, ആയിരക്കണക്കിന് ഭക്തർ പുരിയിലെ പ്രശസ്തമായ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ നടക്കുന്ന ‘മകര’ ആചാരങ്ങളിലും പങ്കുചേരുന്നു. വിശ്വാസവും പാരമ്പര്യവും ഒന്നിച്ചുചേരുന്ന ഈ ഉത്സവം, ഒഡീഷയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്നു.
8- പശ്ചിമ ബംഗാൾ: പൗഷ് സംക്രാന്തി
പശ്ചിമ ബംഗാളിൽ ആചരിക്കുന്ന പ്രധാന വിളവെടുപ്പ് ഉത്സവങ്ങളിലൊന്നാണ് പൗഷ് സംക്രാന്തി. ഈ ദിനത്തിൽ കർഷക കുടുംബങ്ങൾ വീടുകൾ ശുചിയാക്കി, അരിപ്പൊടി കൊണ്ട് രംഗോളി വരയ്ക്കുന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവിയായ ലക്ഷ്മിദേവിയെ വരവേൽക്കുന്നതിനായി വീടുകളുടെ പ്രവേശനവാതിലുകളിൽ മാവിലകളും നെൽത്തണ്ടുകളും കൂട്ടിയായി തൂക്കിവെക്കുന്നതും ഈ ദിനത്തിലെ പ്രധാന ആചാരങ്ങളിലൊന്നാണ്.
പൗഷ് സംക്രാന്തിയോടനുബന്ധിച്ച് അരിപ്പൊടിയിൽ നിന്ന് തയ്യാറാക്കുന്ന മധുരവിഭവമായ പിഥേയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. വിവിധതരം പിഥേകൾ തയ്യാറാക്കി കുടുംബാംഗങ്ങളും അതിഥികളും തമ്മിൽ പങ്കുവെക്കുന്നു. പിഥേയ്ക്ക് ലഭിക്കുന്ന പ്രാധാന്യം കൊണ്ടുതന്നെ ഈ ഉത്സവം “പിഥേ പർബോൺ” എന്നും അറിയപ്പെടുന്നു.
9- അസം – മാഘ് ബിഹു
അസമിലും ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിലുമായി ആഘോഷിക്കുന്ന ഒരു പ്രധാന വിളവെടുപ്പ് ഉത്സവമാണ് മാഘ് ബിഹു. മാഘ മാസത്തിൽ വിളവെടുപ്പ് കാലം അവസാനിക്കുന്നതിന്റെ അടയാളമായാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. കർഷകരുടെ കഠിനാധ്വാനത്തിനുള്ള നന്ദിയും പ്രകൃതിയോടുള്ള ആദരവുമാണ് മാഘ് ബിഹുവിലൂടെ പ്രകടമാകുന്നത്.
മാഘ് ബിഹുവിന്റെ പ്രധാന ആചാരങ്ങളിൽ ഒന്നാണ് മെജി എന്നറിയപ്പെടുന്ന വലിയ അഗ്നികുണ്ഡം തെളിയിക്കൽ. ഈ തീ അഗ്നിദേവനെ പ്രതിനിധിക്കരിക്കുന്നു. ഇത് ഉത്സവത്തിന്റെ ഔപചാരിക സമാപനത്തെ സൂചിപ്പിക്കുന്നു. കുടുംബങ്ങളും ഗ്രാമസമൂഹങ്ങളും ഒരുമിച്ച് കൂടിയാണ് ഈ ചടങ്ങുകൾ നടത്തുന്നത്.
ഈ ഉത്സവകാലത്ത് അസമീസ് ജനത പരമ്പരാഗത വേഷം ധരിച്ച് സംഗീതത്തിലും നൃത്തത്തിലും പങ്കുചേരുന്നു. പ്രത്യേകിച്ച് ബിഹു നൃത്തം ഉത്സവത്തിന് ഭംഗി നൽകുന്നു. വീടുകളിൽ വിവിധതരം ശീതകാല മധുരപലഹാരങ്ങളും വിഭവങ്ങളും തയ്യാറാക്കപ്പെടുന്നു. ഇവയെല്ലാം പങ്കുവെച്ച് സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുകയാണ് മാഘ് ബിഹുവിന്റെ സാരാംശം.









