‘പ്രവാചകന്റെ വിവാഹത്തിന്.അബൂബക്കർ ബഹ്റൈനിൽനിന്നും കൊണ്ടുവന്ന ചുവപ്പ് കരയുള്ള ഒരു തുണിയാണ് ആയിഷയുടെ വിവാഹവസ്ത്രമായത്. ഈ വസ്ത്രമാണ് അവളെ അണിയിച്ചത്.’ (മുഹമ്മദ് മാർട്ടിൻ ലിങ്സ്)
ചരിത്രപരമായും സാംസ്കാരികപരമായും ഏറെ പഴക്കംചെന്ന വളരെ ചെറിയ ഒരു ദ്വീപ് രാഷ്ട്രമാണ് ബഹ്‌റൈൻ. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കടലിടുക്കിൽ മുത്ത് പോലെ ഒരു രാജ്യം. ലോകോത്തര നിലവാരമുള്ള മുത്തുകളുടെ സ്വന്തം നാട്. പഴമയെ അതേപടി നിലനിർത്തുകയും അതിന്റെ സാംസ്കാരിക പൈതൃകത്തെ ലോകത്തിനു മുമ്പിൽ തുറന്നുകാട്ടുകയും ലോക അംഗീകാരം നേടുകയും ചെയ്ത ഒരു രാജ്യമാണ് ബഹ്‌റൈൻ.
അവരുടെ വിശേഷ ദിനങ്ങളിൽ അവർ ഒരുങ്ങുന്നതും ആഘോഷിക്കുന്നതും പരമ്പരാഗതമായ രീതിയിൽ തന്നെയാണ്. ഗിർഘോണും സദേരിയയും ദഗ്ലും എല്ലാം അവരുടെ അലങ്കാരങ്ങളിൽ നിറയുന്നു. അതവർ പാരമ്പര്യത്തോടെ എത്രമാത്രം ചേർന്നുനിൽക്കുന്നു എന്നതിനുള്ള തെളിവ് തന്നെയാണ്. ബഹ്റൈനിലെ ഏറ്റവും പ്രധാനപ്പെട്ട വിന്റേജുകളിൽ ഒന്നാണ് അതിന്റെ തലസ്ഥാനം തന്നെയായ മനാമ. ബാബുൽ ബഹ്റൈൻ കവാടവും പൊലീസ് സ്റ്റേഷനും പോസ്റ്റ് ഓഫിസും അതേ പഴമയോടെ തന്നെ അവർ കാത്തുസൂക്ഷിക്കുന്നു അതോടൊപ്പം ചേർന്നുനിൽക്കുന്ന ബഹ്‌റൈൻ മാളും സൂക്കും ആ ഒരു പഴമയോടെതന്നെ നമ്മെ വരവേൽക്കുന്നു. പഴമയെയും പാരമ്പര്യത്തെയും ഒന്നുകൂടി മാറ്റുരക്കുന്ന രീതിയിലാണ് ടൂറിസവും കൾച്ചറും മുനിസിപ്പാലിറ്റിയും ചേർന്ന് മനാമ ഫെസ്റ്റ് രണ്ടു വർഷങ്ങളായി ഇവിടെ സംഘടിപ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷത്തേക്കാളും ഘനഗംഭീരമായാണ് ‘ഹവാ അൽ മനാമ’ എന്ന പേരിൽ ഈ വർഷം ഒരുക്കിയിട്ടുള്ളത്. രാത്രിയായാൽ മനാമയുടെ മട്ടും ഭാവവും മാറും. പൂർണമായും പഴമയിലേക്ക് തിരിച്ചുപോകും. ഒരു ചെറു സംഗീതത്തിന്റെ അകമ്പടിയോടെ ആളുകൾ തിങ്ങിനിറയും. പരമ്പരാഗത കലാരൂപങ്ങൾ വഴിയോരങ്ങളിലൂടെ നടന്നുനീങ്ങും, വിന്റേജ് കാറുകൾ പതിയെ അവിടങ്ങളിൽ റോന്ത് ചുറ്റാനിറങ്ങും. പൊലീസുകാർ പഴമയുടെ യൂനിഫോമിൽ അതിലെ നടന്നുനീങ്ങും. ആദ്യകാല പൊലീസ് വാഹനങ്ങൾ, പോസ്റ്റ് ഓഫിസുകൾ, പണ്ടത്തെ കാമറ ഫിലിമുകൾ, കമ്പ്യൂട്ടർ ഗെയിമുകൾ, കറൻസികൾ, പരമ്പരാഗത കൈത്തൊഴിലുകൾ, ഭക്ഷണപദാർഥങ്ങൾ, പേപ്പർ കട്ടിങ്ങുകൾ, ചിത്രരചനകൾ, ചെറിയ ചെറിയ സ്റ്റാളുകൾ, ബലൂണുകൾ എല്ലാം നിറഞ്ഞാടുന്നു.
മങ്ങിത്തുടങ്ങിയ മനാമയുടെ പ്രതാപത്തെ പഴമയുടെ കൈസ്പർശംകൊണ്ട് തഴുകി ഉണർത്തുന്ന ഒരു അനുഭൂതിയിൽ ഈ തണുപ്പാൻകാലം രാത്രിയെ ആഘോഷഭരിതമാക്കുന്നു. എത്ര മനോഹരമായാണ് അതിന്റെ സംഘാടകരിത് നടത്തിക്കൊണ്ടുപോകുന്നത്. ‘ഹവാ അൽ മനാമ’, മനാമയിൽ നിന്നൊരു കാറ്റ്. ബഹ്റൈൻ ആകമാനം കുളിരണിയിക്കുന്ന ഉത്സവം. എല്ലായിടത്തും ഒരു നാടതിന്റെ പൈതൃകത്തെ ലോക ശ്രദ്ധയിലേക്ക് തിരിച്ചുവിടുന്നു. മനാമയുടെ ഉന്നതിക്ക് മാറ്റുകൂട്ടുന്നതോടൊപ്പംതന്നെ മനാമയുടെ കച്ചവട സംസ്കാരത്തിന് പുത്തനുണർവ് കൂടിനൽകുന്നു എന്നതും വിസ്മരിച്ചുകൂടാ.









