
ഓരോ വർഷവും ലോകമെമ്പാടുമായി ഏകദേശം 1.5 കോടിയിലധികം ആളുകൾക്ക് പക്ഷാഘാതം അഥവാ സ്ട്രോക്ക് സംഭവിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ വ്യക്തമാക്കുന്നു. ഓരോ 40 സെക്കൻഡിലും ലോകത്തിന്റെ ഏതോ ഒരു ഭാഗത്ത് ഒരാൾ സ്ട്രോക്കിന് ഇരയാകുന്നുണ്ട്. ഏകദേശം ഓരോ നാല് മിനിറ്റിലും ഒരാൾ സ്ട്രോക്ക് മൂലം മരണപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
പ്രായഭേദമന്യേ സ്ട്രോക്ക് സാധ്യത
വാർദ്ധക്യ സഹജമായ അസുഖമായാണ് പലപ്പോഴും സ്ട്രോക്കിനെ കാണാറുള്ളതെങ്കിലും, ആധുനിക ജീവിതശൈലി മൂലം ചെറുപ്പക്കാരിലും സ്ട്രോക്ക് കേസുകൾ വർധിച്ചുവരികയാണ്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അമിതമായ പുകവലി, ചിട്ടയില്ലാത്ത ഭക്ഷണക്രമം എന്നിവ ഇതിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
Also Read: വിളർച്ചയെ പടിക്കൽ നിർത്താം; ഇരുമ്പിന്റെ കലവറയായ ‘പാലക്ക് ചീര’ ശീലമാക്കാം
എന്താണ് സ്ട്രോക്ക്?
തലച്ചോറിലെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടുകയോ ചെയ്യുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. ഇതോടെ തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ വരുന്നു. മിനിറ്റുകൾക്കുള്ളിൽ തന്നെ തലച്ചോറിലെ കോശങ്ങൾ നശിക്കാൻ തുടങ്ങുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ടുതന്നെ ഇതിനെ ‘ബ്രെയിൻ അറ്റാക്ക്’ എന്നും വിളിക്കാറുണ്ട്.
ഈ ലക്ഷണങ്ങൾ തിരിച്ചറിയുക
താഴെ പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടണം:
- ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന തളർച്ചയോ മരവിപ്പോ.
- മുഖം ഒരു വശത്തേക്ക് കോടിപ്പോകുക.
- സംസാരത്തിൽ കുഴച്ചിൽ അനുഭവപ്പെടുകയോ മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുക.
- കഠിനമായ തലവേദനയും തലകറക്കവും.
- കാഴ്ച മങ്ങുക അല്ലെങ്കിൽ ഒരു കണ്ണിലെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുക.
‘ഗോൾഡൻ അവർ’ പ്രധാനം
ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ആദ്യത്തെ 4.5 മണിക്കൂർ സ്ട്രോക്ക് ചികിത്സയിൽ ഏറ്റവും നിർണ്ണായകമാണ്. ഇതിനെ ‘ഗോൾഡൻ അവർ’ എന്ന് വിളിക്കുന്നു. ഈ സമയത്തിനുള്ളിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കിയാൽ രക്തം കട്ടപിടിച്ചത് ലയിപ്പിച്ചു കളയാനുള്ള (Thrombolysis) മരുന്നുകൾ നൽകാനും അതുവഴി മസ്തിഷ്‌ക കോശങ്ങളുടെ നാശം ഒഴിവാക്കാനും സാധിക്കും.
പ്രതിരോധ മാർഗ്ഗങ്ങൾ
ആരോഗ്യകരമായ ജീവിതശൈലിയിലൂടെ സ്ട്രോക്കിനെ ഒരു പരിധിവരെ തടയാൻ സാധിക്കും:
- രക്തസമ്മർദ്ദം നിയന്ത്രിക്കുക: സ്ട്രോക്കിന്റെ പ്രധാന കാരണമായ ബി.പി കൃത്യമായി പരിശോധിക്കുക.
- വ്യായാമം: ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുക.
- ലഹരി വർജ്ജനം: പുകവലിയും മദ്യപാനവും പൂർണ്ണമായും ഉപേക്ഷിക്കുക.
- ഭക്ഷണം: ഉപ്പ്, കൊഴുപ്പ്, മധുരം എന്നിവയുടെ അളവ് കുറച്ച് പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
നേരത്തെയുള്ള രോഗനിർണ്ണയവും അടിയന്തര ചികിത്സയുമാണ് സ്ട്രോക്കിനെ അതിജീവിക്കാനുള്ള ഏറ്റവും നല്ല വഴി.
The post സ്ട്രോക്കിന്റെ ഈ ലക്ഷണങ്ങൾ അവഗണക്കരുത്: സമയബന്ധിതമായ ചികിത്സ ജീവൻ രക്ഷിക്കും appeared first on Express Kerala.









