കുമളി: ഇടവേളക്കുശേഷം തേക്കടിയിൽ വിദേശ വിനോദസഞ്ചാരികളുടെ തിരക്കേറിയത് ടൂറിസം മേഖലക്ക് പുത്തൻ ഉണർവാകുന്നു. ആഭ്യന്തര വിനോദ സഞ്ചാരികളുടെ തിരക്കിനൊപ്പമാണ് വിദേശികളും ധാരാളമായി എത്തുന്നത്.
രാജ്യത്തെ മിക്ക കടുവ സങ്കേതങ്ങളിലും വന്യജീവികളെ നേരിൽ കാണാൻ വനം വകുപ്പിന്‍റെ പ്രത്യേക വാഹനത്തിലാണ് കാടിനുള്ളിലൂടെ കൊണ്ടുപോകുക. എന്നാൽ, പെരിയാർ കടുവ സങ്കേതത്തിൽ നടന്നുപോയി വന്യജീവികളെ കാണാൻ കഴിയുന്ന ട്രക്കിങ് പ്രോഗ്രാമുകൾ ഉള്ളതാണ് വിദേശികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
രണ്ട് ദിവസം ഉൾക്കാട്ടിൽ താമസിച്ച് കടുവ ഉൾപ്പടെ വന്യജീവികളെ രാത്രിയും പകലും വനം വകുപ്പ് ജീവനക്കാരുടെ സംരക്ഷണത്തോടെ കാണാനാവുന്ന ടൈഗർ ട്രയൽ, ഉൾക്കാട്ടിലെ ചങ്ങാടയാത്രയായ ബാംബൂ റാഫ്റ്റിങ്, വിവിധ ട്രക്കിംഗ് പ്രോഗ്രാമുകൾ തുടങ്ങിയവയാണ് തേക്കടി ഒരുക്കുന്നത്. ഇംഗ്ലണ്ട്, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളാണ് പ്രധാനമായും തേക്കടിയിലേക്ക് എത്തുന്നത്. കാടിനുള്ളിലെ കാഴ്ചകൾ കാണുന്നതിനൊപ്പം തടാകത്തിലെ ബോട്ട്സവാരി, കാടിനുപുറത്ത് വിവിധ സ്വകാര്യ സംരംഭകർ നടത്തുന്ന കഥകളി, കളരിപ്പയറ്റ്, ആനസവാരി എന്നിവയെല്ലാം ആസ്വദിച്ചാണ് സഞ്ചാരികളുടെ മടക്കം.
കോവിഡ് കാലത്തിന് മുമ്പാണ് വിദേശ വിനോദസഞ്ചാരികൾ ധാരാളമായി തേക്കടിയിലേക്ക് എത്തിയിരുന്നത്. കോവിഡിനു ശേഷം മിക്ക ടൂർ ഏജൻസികളും തേക്കടിയെ ഒഴിവാക്കിയാണ് കേരളത്തിലെ പ്രോഗ്രാമുകൾ തയാറാക്കിയിരുന്നത്.
ഇതിനാണ് ഇപ്പോൾ മാറ്റംവന്നത്. വിദേശ വിനോദ സഞ്ചാരികൾ തേക്കടിയിലേക്ക് ധാരാളമായി എത്തുന്നത് വിനോദസഞ്ചാര മേഖലയുടെ വളർച്ച് വേഗത കൂട്ടുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.









