
ദോഹ: ലോക ഫുട്‌ബോളര്‍ ലയണല്‍ മെസിയും ലോകചാമ്പ്യന്മാരായ അര്‍ജന്റീനും കേരളത്തില്‍ കളിക്കില്ല. മാര്‍ച്ച് വിന്‍ഡോയില്‍ അര്‍ജന്റീന ടീം ദോഹയിലെ പ്രശസ്തമായ ലുസൈല്‍ സ്റ്റേഡിയത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ ചാമ്പ്യന്‍മാരും യൂറോപ്യന്‍ ചാമ്പ്യന്‍മാരും മാറ്റുരയ്‌ക്കുന്ന ഫൈനലിസിമയില്‍ സ്‌പെയിനിനെ നേരിടും. മാര്‍ച്ച് 27നാണ് മത്സരം. കൂടാതെ ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി മാര്‍ച്ച് 31ന് അര്‍ജന്റീന ഖത്തറുമായും മാറ്റുരയ്‌ക്കും.
കൊച്ചിയിലെ സ്റ്റേഡിയത്തിന് നിലവാരമില്ല എന്നു ചൂണ്ടിക്കാണിച്ച് നവംബറില്‍ മെസിയും സംഘവും കേരളത്തിലെത്തില്ല പകരം മാര്‍ച്ച് വിന്‍ഡോയില്‍ എത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാനും സ്പോണ്‍സര്‍ ആന്റോ അഗസ്റ്റിനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാക്കാതെയും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പോലും വ്യക്തത വരുത്താതെയുമുള്ള സാഹചര്യത്തിലായിരുന്നു മെസി കഴിഞ്ഞ നവംബറില്‍ വരുമെന്ന പ്രഖ്യാപനവുമായി കായിക മന്ത്രിയും സ്പോണ്‍സറും രംഗത്തെത്തിയത്.
കേരളത്തിലെ കായികപ്രേമികളെ മുഴുവന്‍ വിഡ്ഢിയാക്കുന്ന പ്രഖ്യാപനമാണിതെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ എതിരാളി ഓസ്ട്രേലിയ ആണെന്നും പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍, പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെസിയും സംഘവും ഇനി കേരളത്തിലേക്കു വരില്ലെന്നുറപ്പായി. കഴിഞ്ഞ ഡിസംബറില്‍ മുംബൈ, ഡല്‍ഹി, കോല്‍ക്കത്ത ഹൈദരാബാദ് എന്നീ ഇന്ത്യന്‍ നഗരങ്ങളില്‍ മെസി സന്ദര്‍ശനം നടത്തിയിരുന്നു









