
ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ചുള്ള കേസിൽ പ്രതികരണവുമായി നടി ഖുഷി മുഖർജി. സൂര്യകുമാർ യാദവ് കേസിൽ പരാജയപ്പെട്ടാൽ താൻ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്യും എന്ന് ഖുഷി മുഖർജി പറഞ്ഞു. സൂര്യകുമാർ യാദവിനെ അപകീർത്തിപ്പെടുത്തി എന്നത് ചൂണ്ടി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഇൻഫ്ളുയൻസർ ആണ് പരാതി നൽകിയത്.
അപകീർത്തി കേസിൽ തനിക്ക് ഇതുവരെ ഒരു ലീഗൽ നോട്ടീസും ലഭിച്ചിട്ടില്ലെന്ന് ഖുഷി മുഖർജി പ്രതികരിച്ചു. സൂര്യകുമാർ യാദവുമായി ഒരുപാട് ചാറ്റ് ചെയ്യുമായിരുന്നു എന്നും തങ്ങൾ തമ്മിൽ റിലേഷൻഷിപ്പ് ഒന്നുമല്ലെന്നും ഖുഷി മുഖർജി പറഞ്ഞതാണ് വിവാദമായത്. സൂര്യകുമാർ യാദവിനെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ച് 100 കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്തതായാണ് സോഷ്യൽ മീഡിയ ഇൻഫ്ളൂയൻസർ ആയ ഫയ്സൻ അൻസാരി അവകാശപ്പെട്ടത്.
സൂര്യകുമാർ യാദവിനെ അപകീർത്തിപ്പെടുത്താൻ താൻ ലക്ഷ്യം വെച്ചിട്ടില്ല എന്നും അങ്ങനെയൊരു പ്രതികരണം താൻ നടത്തരുതായിരുന്നു എന്നും ഖുഷി മുഖർജി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 500 കോടി രൂപയുടെ അപകീർത്തി കേസ് താൻ നൽകുമെന്ന പ്രതികരണവുമായി ഖുഷി വാർത്തകളിൽ വീണ്ടും നിറഞ്ഞത്.
പ്രശസ്തിക്ക് വേണ്ടി ഈ വിഷയം പല സോഷ്യൽ മീഡിയ ഇൻഫ്ളുയൻസർമാരും ഉപയോഗപ്പെടുത്തുകയാണെന്ന് ഖുഷി ആരോപിച്ചു. അവസരവാദികളാണ് ഇത്തരക്കാർ എന്നും റീച്ച് മാത്രമാണ് ഇവരുടെ ലക്ഷ്യം എന്നും നടി പറഞ്ഞു. തനിക്കെതിരെ അപകീർത്തി കേസ് നൽകിയെന്ന് അവകാശപ്പെടുന്ന ഇൻഫ്ളുയൻസർ അൻസാരിയെ ഉന്നം വെച്ചാണ് ഖുഷിയുടെ വാക്കുകൾ.









