
ഗോഹട്ടി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഇന്ന് ആദ്യ അങ്കം. ഗ്രൂപ്പ് ബിയില്‍ കരുത്തരായ പഞ്ചാബിനെതിരെ രാവിലെ ഒമ്പതിന് സിലപത്താര്‍ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ തവണ ഫൈനലില്‍ പഞ്ചാബിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടാണ് ചാമ്പ്യന്‍ഷിപ്പ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ വര്‍ഷത്തെ കലാശപ്പോരിലേറ്റ മുറിവിന്റെ കണക്കുമായാണ് കേരളത്തിന്റെ യുവനിര ഇന്ന് പടയ്‌ക്കിറങ്ങുന്നത്. കേരള പോലീസ് താരം സഞ്ജു ജി. ആണ് കേരളത്തെ നയിക്കുന്നത്. ഷഫീഖ് ഹസന്റെ പരിശീലനത്തിനിറങ്ങുന്ന ഇത്തവണത്തെ കേരള ടീമില്‍ യുവ പ്രാതിനിധ്യം കൂടുതലാണ്. സൂപ്പര്‍ ലീഗ് കേരളയിലെ വലിയ സ്വാധീനം കേരള ടീമിലുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഗംഭീരമായി സംഘടിപ്പിക്കപ്പെട്ട സൂപ്പര്‍ ലീഗ് കേരളയില്‍ വിവിധ ക്ലബ്ബുകളുടെ കളി നിലവാരവും മികവും മെച്ചപ്പെടുത്താന്‍ സാധിച്ചത് പരീക്ഷിക്കാനുള്ള വേദി കൂടിയാകുകയാണ് സന്തോഷ് ട്രോഫി മാമാങ്കം.
ആസാമിലെ കാലാവസ്ഥയാണ് കേരള താരങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകുന്നത്. കേരളത്തില്‍ തീരെ അനുഭവപ്പെടാന്‍ സാധ്യതയില്ലാത്ത വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തടുപ്പ് കൂടിയ കാലാവസ്ഥയും അന്തരീക്ഷ മര്‍ദ്ദം കൂടിയ അവസ്ഥയുമാണ് ആസാമിലെ പ്രത്യേകത. ഇതിനോട് കിടപിടിക്കാന്‍ സമുദ്ര നിരപ്പില്‍ നിന്ന് 1500 അടിയോളം ഉയരമുള്ള വയനാട്ടില്‍ ക്യാമ്പ് ചെയ്ത് പരിശീലനം നടത്തിയാണ് കേരളം ആസാമിലേക്ക് തിരിച്ചത്. 19ന് വൈകീട്ടെത്തിയടീം ഇന്നലെ ഇവിടെ പരിശീലനം നടത്തി. ഇവടത്തെ യഥാര്‍ത്ഥ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടുള്ള പരിശീലനം ഒരു ദിവസം മാത്രമാണ് ലഭിച്ചിട്ടുള്ളത്. വെല്ലുവിളികള്‍ പലതുണ്ടെങ്കിലും അത് മറികടക്കാനുള്ള ടീമിന്റെ ഇച്ഛാശക്തിക്കു നേരെയുള്ള പരീക്ഷണം കൂടിയാകുകയാണ് ഇന്നത്തെ ആദ്യ മത്സരം.









