
ഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് ഡൽഹിയിലും ജമ്മുകശ്മീരിലും സുരക്ഷ ശക്തമാക്കി. പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയും ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദും സംയുക്തമായി ’26-26′ എന്ന രഹസ്യകോഡിലാണ് ആക്രമണം ആസൂത്രണം ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അയോധ്യയിലെ രാമക്ഷേത്രം, ജമ്മുവിലെ രഘുനാഥ ക്ഷേത്രം എന്നിവയുൾപ്പെടെയുള്ള പ്രധാന ആരാധനാലയങ്ങളെയും നഗരങ്ങളെയും ഭീകരർ ലക്ഷ്യമിടുന്നതായാണ് വിവരം.
പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെ ആക്രമണം നടത്താനാണ് പദ്ധതി. ഇതിന്റെ പശ്ചാത്തലത്തിൽ, പിടികിട്ടാപ്പുള്ളികളായ പ്രധാന ഭീകരരുടെ ചിത്രങ്ങൾ ഡൽഹി പോലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിപ്പിച്ചു. അൽ-ഖ്വയ്‌ദയുമായി ബന്ധമുള്ള മുഹമ്മദ് രെഹാൻ, രാമേശ്വരം കഫേ സ്ഫോടനത്തിന്റെ സൂത്രധാരൻ മുഹമ്മദ് ഷാഹിദ് ഫൈസൽ എന്നിവരുൾപ്പെടെയുള്ളവരുടെ വിവരങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. മുഹമ്മദ് ഉമർ, അബു സുഫിയാൻ, സയ്യിദ് അർഷിയ തുടങ്ങിയവരും ഈ പട്ടികയിലുണ്ട്.
Also Read: ഉദയനിധി സ്റ്റാലിന്റേത് വിദ്വേഷ പ്രസംഗം; കടുത്ത നിരീക്ഷണങ്ങളുമായി മദ്രാസ് ഹൈക്കോടതി
കഴിഞ്ഞ നവംബറിൽ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്ഷെ മുഹമ്മദ് തന്നെയാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നും സുരക്ഷാ ഏജൻസികൾ സംശയിക്കുന്നു. കൂടാതെ, ലഷ്കർ-ഇ-തൊയ്ബയുടെ പോഷക സംഘടനയായ ടി.ആർ.എഫിന്റെ ‘ഫാൽക്കൺ സ്ക്വാഡ്’ സോഷ്യൽ മീഡിയ വഴി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കിയിരിക്കുകയാണ്.
The post രാജ്യം അതീവ ജാഗ്രതയിൽ; റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് ഐഎസ്-ജെയ്ഷെ സഖ്യം appeared first on Express Kerala.









