
തിരുവനന്തപുരം: ജനുവരി 31ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ന്യൂസിലന്‍ഡ് ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയ്‌ക്ക് തുടക്കം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നടന്‍ പൃഥ്വിരാജ് ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പതിനാലാം രാജ്യാന്തര മത്സരമാണ് നടക്കാനിരിക്കുന്നത്. ഇന്ത്യ ന്യൂസിലാന്‍ഡ് ടി20 പരമ്പരയിലെ അഞ്ചാമത് മത്സരമാണ് ജനുവരി 31ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക.
കുട്ടിക്കാലം മുതല്‍ താന്‍ ക്രിക്കറ്റ് ഭ്രാന്തനെന്ന് പരിപാടിയില്‍ സംസാരിക്കവേ പൃഥ്വിരാജ് പറഞ്ഞു. പ്രേമിക്കുന്ന സമയത്ത് ഭാര്യ ആദ്യമായി വാങ്ങി തന്ന സമ്മാനം ക്രിക്കറ്റ് ബാറ്റാണ്.ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് ഐക്കോണിക് സ്റ്റേഡിയം ആകാനുള്ള ശേഷി ഉണ്ട്. ഷൂട്ടിംഗ് ഇല്ലായിരുന്നെങ്കില്‍ ഉറപ്പായും അഞ്ച് ടിക്കറ്റ് വാങ്ങിയേനെയെന്നും താരം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്‌ക്ക് മത്സരം കാണാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗുകള്‍ക്കാണ് ഈ ഇളവ് കിട്ടുക.അപ്പര്‍ ടയര്‍ സീറ്റുകള്‍ക്ക് 500 രൂപയും ലോവര്‍ ടയര്‍ സീറ്റുകള്‍ക്ക് 1200 രൂപയും ആണ് നിരക്ക് . ആരാധകര്‍ക്ക് ticketgenie മൊബൈല്‍ ആപ്പ് വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാം. സ്റ്റേഡിയത്തിന്റെയും പിച്ചിന്റെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ ആണെന്നും കായികപ്രേമികള്‍ക്ക് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉറപ്പുവരുത്തുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീജിത് വി നായര്‍ പറഞ്ഞു.
കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍. ട്രഷറര്‍ അജിത് കുമാര്‍, ചലച്ചിത്രതാരം നന്ദു, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.









