
ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. കഴിഞ്ഞ വർഷം 1.94 കോടി യാത്രക്കാരാണ് ഷാർജ വിമാനത്താവളത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 13.9 ശതമാനം വളർച്ചാ നിരക്കാണ് വിമാനത്താവളം കൈവരിച്ചിരിക്കുന്നത്. 2024-ൽ 1.71 കോടിയും 2023-ൽ 1.53 കോടിയുമായിരുന്നു യാത്രക്കാരുടെ എണ്ണം. യാത്രക്കാരുടെ എണ്ണത്തിന് പുറമെ കാർഗോ സേവനങ്ങളിലും വലിയ മുന്നേറ്റം ദൃശ്യമാണ്. കഴിഞ്ഞ വർഷം മാത്രം 2,04,323 ടൺ ചരക്കുകളാണ് വിമാനത്താവളം വഴി കൈകാര്യം ചെയ്തത്.
മൊത്തം 1,16,657 വിമാന സർവീസുകളാണ് കഴിഞ്ഞ വർഷം ഷാർജയിൽ നടന്നത്. എമിറേറ്റിന്റെ സാമ്പത്തിക-വിനോദസഞ്ചാര ലക്ഷ്യങ്ങൾ മുൻനിർത്തി വിമാനത്താവളത്തിലെ സേവന നിലവാരം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലേം അൽ മിദ്ഫ വ്യക്തമാക്കി. ഡിജിറ്റൽ സംവിധാനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി വലിയ നിക്ഷേപങ്ങളാണ് അതോറിറ്റി നടത്തിവരുന്നത്. കൂടുതൽ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിച്ചത് വിമാനത്താവളത്തിന്റെ സ്വീകാര്യത വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.
Also Read: യുഎഇയിൽ ടോൾ കുടിശികയുടെ പേരിൽ സൈബർ തട്ടിപ്പ്; വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രതാനിർദ്ദേശവുമായി അധികൃതർ
യാത്രക്കാരുടെ സൗകര്യാർത്ഥം ഹോം ചെക്ക്-ഇൻ, പുതിയ ഹോസ്പിറ്റാലിറ്റി ലോഞ്ച്, വേഗതയേറിയ ഇന്റർനെറ്റ് സേവനങ്ങൾ എന്നിവ വിമാനത്താവളത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ട്രാൻസിറ്റ് യാത്രക്കാർക്കായി എയർപോർട്ട് ഹോട്ടലും, പ്രായമായവർക്കും നിശ്ചയദാർഢ്യമുള്ളവർക്കുമായി പ്രത്യേക ‘ഹലാ’ സേവനവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളിലൂടെയും ലോജിസ്റ്റിക്സ് മികവിലൂടെയും ലോകത്തിലെ പ്രധാന വ്യോമഗതാഗത കേന്ദ്രമായി ഷാർജ എമിറേറ്റ് മാറിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
The post റെക്കോർഡ് നേട്ടവുമായി ഷാർജ വിമാനത്താവളം! കഴിഞ്ഞവർഷം യാത്ര ചെയ്തത് 1.94 കോടി പേർ appeared first on Express Kerala.









