
ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന് നേരെ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെ, അദ്ദേഹത്തിന് പിന്തുണയുമായി ശശി തരൂർ എംപി രംഗത്തെത്തി. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ മുതിർന്ന താരങ്ങളുടെ ടെസ്റ്റ് വിരമിക്കലും, ശുഭ്മാൻ ഗില്ലിനെ നായകസ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവന്നതും ഗംഭീറിന്റെ കടുത്ത തീരുമാനങ്ങളാണെന്ന ആരോപണം ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ ഗംഭീറിനെതിരെ വിമർശനങ്ങൾ കടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പദ്ധതികൾക്ക് കരുത്ത് പകർന്ന് തരൂർ ആശംസകൾ നേർന്നത്.
പരിശീലകനെന്ന നിലയിൽ ഗംഭീർ സമ്മർദ്ദത്തിലായിരിക്കെ, നാഗ്പൂരിൽ നടന്ന ആദ്യ ടി20യിൽ ന്യൂസിലാൻഡിനെതിരെ 48 റൺസിന്റെ തകർപ്പൻ ജയം നേടിയത് ടീം ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ പടുത്തുയർത്തിയത് 238 റൺസിന്റെ കൂറ്റൻ സ്കോറാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ കിവികൾക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
Also Read: ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയ്ക്കും ലിവർപൂളിനും തകർപ്പൻ ജയം
ഓപ്പണർ അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് അർധസെഞ്ച്വറിയും അവസാന ഓവറുകളിൽ റിങ്കു സിംഗ് നടത്തിയ തകർപ്പൻ പ്രകടനവുമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. ന്യൂസിലാൻഡിനായി ഗ്ലെൻ ഫിലിപ്സ് പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ കിവികൾക്ക് ലക്ഷ്യം കാണാനായില്ല. ഗംഭീറിന്റെ തന്ത്രങ്ങൾ ഫലം കണ്ടു തുടങ്ങിയതിന്റെ സൂചനയായാണ് ആരാധകർ ഈ വിജയത്തെ കാണുന്നത്.
The post ഗംഭീറിനെ തളർത്താൻ നോക്കേണ്ട! ടി20യിൽ കിവീസിനെ തകർത്ത് ഇന്ത്യ; പിന്തുണയുമായി ശശി തരൂർ appeared first on Express Kerala.









