
അബുദബി നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സംയോജിത ഗതാഗത കേന്ദ്രം (ITC) ഉത്തരവിറക്കി. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈവേകളിലും തിരക്കേറിയ പ്രധാന റോഡുകളിലും ഇ-ബൈക്കുകൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. മറ്റ് മേഖലകളിൽ ഇവയുടെ പരമാവധി വേഗത മണിക്കൂറിൽ 20 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. സൈക്കിൾ പാതകളിലൂടെയോ നിശ്ചയിക്കപ്പെട്ട സംയുക്ത പാതകളിലൂടെയോ മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ.
യാത്രക്കാർ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. 16 വയസ്സിൽ താഴെയുള്ളവർ ഇ-ബൈക്കുകൾ ഓടിക്കുന്നത് നിരോധിച്ചു. യാത്രയ്ക്കിടെ ഹെൽമറ്റ് നിർബന്ധമാണ്. രാത്രികാലങ്ങളിൽ റിഫ്ലക്ടീവ് ജാക്കറ്റുകളും വാഹനത്തിന് മുന്നിൽ വെള്ള ലൈറ്റും പിന്നിൽ ചുവന്ന ലൈറ്റും ഉണ്ടായിരിക്കണം. വാഹനത്തിൽ ഒരാൾക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. മൊബൈൽ ഫോണോ ഹെഡ്ഫോണോ ഉപയോഗിക്കുന്നത് കുറ്റകരമാണ്. കൂടാതെ, സീബ്രാ ക്രോസിംഗുകളിലൂടെ വാഹനം ഓടിക്കരുതെന്നും നിർദ്ദേശമുണ്ട്.
Also Read: കുവൈത്തിൽ വീടിന്റെ ഉടമസ്ഥാവകാശ രേഖകൾ ഇനി വിരൽത്തുമ്പിൽ! ‘സാഹെൽ’ ആപ്പിൽ ഡിജിറ്റൽ സേവനം ആരംഭിച്ചു
നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിർദ്ദേശങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 500 ദിർഹം പിഴ ഈടാക്കുന്നതിന് പുറമെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും. പാതകളില്ലാത്ത ഇടങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗപരിധിയുള്ള റോഡുകളുടെ വലതുവശം ചേർന്ന് മാത്രമേ യാത്ര ചെയ്യാവൂ. വാടകയ്ക്ക് നൽകുന്ന വാഹനങ്ങളിൽ ജിപിഎസ് സൗകര്യം ഉണ്ടായിരിക്കണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
The post അബുദബിയിൽ ഇ-സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും കർശന നിയന്ത്രണം appeared first on Express Kerala.







