
റെട്രോ സ്റ്റൈലിങ്ങും ആധുനിക കരുത്തും ഒത്തുചേരുന്ന യമഹ XSR155 നിരയിലേക്ക് പുതിയ ‘മെറ്റാലിക് ബ്ലാക്ക്’ കളർ വേരിയന്റ് എത്തി. 1,58,990 രൂപ (എക്സ്-ഷോറൂം) വിലയുള്ള ഈ പുത്തൻ മോഡലിന്റെ പ്രധാന ആകർഷണം സ്വർണ്ണ നിറത്തിലുള്ള അപ്‌സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്കുകളാണ്. ബൈക്കിന്റെ ഇരുണ്ട നിറത്തിന് ഒരു മാസ്സ് ലുക്ക് നൽകാൻ ഈ കോൺട്രാസ്റ്റ് ഫിനിഷിന് സാധിക്കുന്നുണ്ട്. പുതിയ നിറം കൂടി എത്തിയതോടെ നിലവിൽ അഞ്ച് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഈ ബൈക്ക് ലഭ്യമാണ്.
പുതിയ കളർ അവതരിപ്പിച്ചതിനൊപ്പം നിലവിലുള്ള ചില വേരിയന്റുകളുടെ വിലയിലും യമഹ മാറ്റം വരുത്തിയിട്ടുണ്ട്. മെറ്റാലിക് ബ്ലൂ വേരിയന്റ് 1,49,990 രൂപയിൽ തന്നെ തുടരുമ്പോൾ, വിവിഡ് റെഡിന് 3,000 രൂപ വർദ്ധിച്ച് 1,52,990 രൂപയായി. മെറ്റാലിക് ഗ്രേ ഷേഡിന് 7,000 രൂപയും, ഏറ്റവും ഉയർന്ന വിലയുള്ള ഗ്രേയിഷ് ഗ്രീൻ മെറ്റാലിക് വേരിയന്റിന് 9,000 രൂപയുമാണ് വർദ്ധിപ്പിച്ചത്. മസ്കുലാർ ഫ്യുവൽ ടാങ്ക്, ക്ലാസിക് വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, സിംഗിൾ പീസ് ഫ്ലാറ്റ് സീറ്റ് എന്നിവ XSR155-ന്റെ നിയോ-റെട്രോ ഐഡന്റിറ്റി നിലനിർത്തുന്നു.
Also Read: ഹാച്ച്ബാക്കിലെ തമ്പുരാൻ! സ്വിഫ്റ്റിനെയും ബലേനോയെയും പിന്നിലാക്കി വാഗൺആർ മുന്നേറ്റം
മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ, യമഹയുടെ തന്നെ വിശ്വസ്ത മോഡലുകളായ R15, MT-15 എന്നിവയിലെ അതേ 155 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഇതിനും കരുത്തേകുന്നത്. 10,000 rpm-ൽ 18.4 bhp പവറും 7,500 rpm-ൽ 14.1 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. മികച്ച പെർഫോമൻസും ആകർഷകമായ ക്ലാസിക് ഡിസൈനും ഒത്തുചേരുന്ന XSR155 പ്രീമിയം 150 സിസി സെഗ്‌മെന്റിൽ കരുത്തനായി തുടരുന്നു.
The post കറുപ്പഴകിൽ സ്വർണ്ണത്തിളക്കം; പുത്തൻ ലുക്കിൽ യമഹ XSR155 വിപണിയിൽ! appeared first on Express Kerala.









