
മലയാള സിനിമയിലെ സുവർണ്ണകാലഘട്ടത്തിന് ദൃശ്യഭംഗി നൽകിയ പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി (94) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കെ.എസ്. സേതുമാധവൻ, ഹരിഹരൻ തുടങ്ങിയ പ്രഗത്ഭ സംവിധായകർക്കൊപ്പം ചേർന്ന് മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകൾക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.
ഇന്ത്യൻ സിനിമയിലെ ആദ്യകാല ക്യാമറാമാൻ ആദി എം. ഇറാനിയുടെ മകനായി മുംബൈയിലാണ് മെല്ലി ജനിച്ചത്. അച്ഛനോടൊപ്പം കെ.എസ്. സേതുമാധവന്റെ ആദ്യചിത്രമായ ‘ജ്ഞാനസുന്ദരി’യിൽ (1962) പ്രവർത്തിച്ചുകൊണ്ടായിരുന്നു സിനിമാ അരങ്ങേറ്റം. പിൽക്കാലത്ത് സേതുമാധവന്റെ സിനിമകളുടെ അവിഭാജ്യ ഘടകമായി മെല്ലി ഇറാനി മാറി. അദ്ദേഹത്തിന്റെ ഛായാഗ്രഹണ ശൈലി മലയാള സിനിമയിൽ പുതിയൊരു ദൃശ്യസംസ്കാരം തന്നെ രൂപപ്പെടുത്തി.
Also Read: ‘തിരിച്ചു പോണം’! മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ‘കറക്ക’ത്തിലെ ഗാനം പുറത്ത്
മലയാളികൾ ഇന്നും നെഞ്ചേറ്റുന്ന ഒട്ടനവധി ഗാനരംഗങ്ങൾ മെല്ലി ഇറാനിയുടെ ക്യാമറയിലൂടെയാണ് പിറന്നത്. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലെ ‘പ്രവാചകന്മാരേ പറയൂ’ എന്ന ഗാനരംഗത്തിൽ സത്യന്റെ ആത്മസംഘർഷം പ്രതിഫലിപ്പിക്കുന്ന ക്ലോസപ്പ് ഷോട്ട് ഇന്നും ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകമാണ്. ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’, ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’, ‘സ്വർണ്ണചാമരം വീശിയെത്തുന്ന’ തുടങ്ങി അനശ്വരമായ നൂറുകണക്കിന് ഗാനരംഗങ്ങൾക്ക് ജീവൻ നൽകിയത് അദ്ദേഹത്തിന്റെ ഫ്രെയിമുകളായിരുന്നു.
യക്ഷി, അടിമകൾ, വാഴ്വേമായം, അരനാഴികനേരം, അനുഭവങ്ങൾ പാളിച്ചകൾ, ശരപഞ്ജരം, പൂച്ചസന്യാസി തുടങ്ങി മലയാള സിനിമയിലെ വഴിത്തിരിവായ ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ക്യാമറക്കണ്ണിലൂടെയാണ് പ്രേക്ഷകരിലെത്തിയത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ഉൾപ്പെടെ ചലച്ചിത്ര ലോകത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയുടെ ദൃശ്യചരിത്രത്തിലെ ഒരു വലിയ അധ്യായത്തിനാണ് മെല്ലി ഇറാനിയുടെ വിയോഗത്തോടെ വിരാമമാകുന്നത്.
The post മലയാള സിനിമയിലെ ദൃശ്യവിസ്മയങ്ങളുടെ ശില്പി; പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി അന്തരിച്ചു appeared first on Express Kerala.






