
ബെംഗളൂരു: ഗംഗോണ്ടനഹള്ളിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ നടുറോഡിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ പ്രതി പിടിയിൽ. മൂന്ന് കുട്ടികളുടെ അമ്മയായ ഫിർദൗസ് ബാനുവിനെയാണ് (35) വർക്ക്ഷോപ്പ് ജീവനക്കാരനായ അഫീസ് പട്ടാപ്പകൽ കുത്തിക്കൊന്നത്. ചന്ദ്രാലേഔട്ട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ഫിർദൗസ് ബാനുവിനെ വീടിന് സമീപം തടഞ്ഞുനിർത്തിയ അഫീസ്, കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതി തന്നെ നിരന്തരം പിന്തുടരുന്നതിനെതിരെ ഫിർദൗസ് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അഫീസിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചെങ്കിലും ഇയാൾ ശല്യം തുടരുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരി മൊഴി നൽകി.
Also Read: പത്തിരി കൊടുക്കാൻ ഗ്യാസില്ല; കായംകുളത്ത് പെരുന്നാൾ ദിനത്തിൽ പത്തിരിക്കടയിൽ കൂട്ടത്തല്ല്
അവിവാഹിതനായ അഫീസ്, ഫിർദൗസിനോടുള്ള പ്രണയപ്പകയിലാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്ന് രാവിലെയാണ് പൊലീസ് വലയിലാക്കിയത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു.
The post പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ നടുറോഡിൽ കുത്തിക്കൊന്നു; പ്രതി പിടിയിൽ appeared first on Express Kerala.









