
കൊല്ലം പുനലൂരിൽ കൈകൊട്ടിക്കളി പഠിപ്പിക്കുന്നതിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനും അമ്മയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. മണിയാർ എരിച്ചിക്കൽ സ്വദേശി ചിക്കുരാജ് (31), ഇയാളുടെ അമ്മ മിനി എന്നിവർക്കെതിരെയാണ് പുനലൂർ പൊലീസ് കേസെടുത്തത്. പോക്സോ നിയമത്തിന് പുറമെ ബാലാവകാശ സംരക്ഷണ നിയമം, പട്ടികജാതി-പട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ രണ്ടാം പ്രതിയായ മിനിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിൽ പോയ ഒന്നാം പ്രതി ചിക്കുരാജിനായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൈകൊട്ടിക്കളി സംഘത്തിലെ അംഗമായ പെൺകുട്ടിയെ ട്രൂപ്പ് കോർഡിനേറ്ററായ മിനിയുടെ മകൻ ചിക്കുരാജ് പുനലൂരിലെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ മിനി, പെൺകുട്ടിയുടെ വാടകവീട്ടിലെത്തി വിവരം പുറത്തുപറയരുതെന്ന് മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പീഡനവിവരത്തെത്തുടർന്ന് മാനസികമായി തളർന്ന പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട സ്കൂൾ അധികൃതർ കൗൺസിലിംഗ് നടത്തിയപ്പോഴാണ് ക്രൂരത പുറംലോകമറിഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
The post കൈകൊട്ടിക്കളിയുടെ മറവിൽ ദളിത് പെൺകുട്ടിക്ക് പീഡനം; യുവാവിനും അമ്മയ്ക്കുമെതിരെ പോക്സോ കേസ് appeared first on Express Kerala.








