
അഭിനയത്തിന് പുറമെ ആരോഗ്യകാര്യങ്ങളിലും ചർമസംരക്ഷണത്തിലും അതീവ ശ്രദ്ധ പുലർത്തുന്ന താരമാണ് രശ്മിക മന്ദാന. എന്നാൽ കഠിനമോ വിചിത്രമോ ആയ ഡയറ്റ് പ്ലാനുകൾ പിന്തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് രശ്മിക വ്യക്തമാക്കുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കൃത്യമായി ലഭിക്കുന്ന സമീകൃതമായ ഭക്ഷണക്രമമാണ് താരം തിരഞ്ഞെടുക്കുന്നത്. പ്രായോഗികമായ ഭക്ഷണശീലങ്ങളിലൂടെ ആരോഗ്യം സംരക്ഷിക്കുന്നതിനെക്കുറിച്ച് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം മനസ്സ് തുറന്നു.
രശ്മികയുടെ പ്രഭാത ദിനചര്യ ആരംഭിക്കുന്നത് ധാരാളം വെള്ളം കുടിച്ചുകൊണ്ടാണ്. ഉറക്കമുണർന്നാലുടൻ ഏകദേശം ഒരു ലിറ്റർ വെള്ളം താരം കുടിക്കാറുണ്ട്. ഇതിനുപുറമെ ഡയറ്റീഷ്യന്റെ നിർദ്ദേശപ്രകാരം ആപ്പിൾ സൈഡർ വിനാഗിരിയും രാവിലെ ഉപയോഗിക്കുന്നു. ഭക്ഷണശീലങ്ങളിൽ വലിയ മാറ്റം വരുത്തിയ താരം അടുത്തകാലത്തായി വെജിറ്റേറിയൻ രീതിയിലേക്ക് മാറി. നിലവിൽ ഒരു ‘എഗ്ഗെറ്റേറിയൻ’ ആണെന്നും വർക്ക്ഔട്ടിന് ശേഷം മുട്ട കഴിക്കാറുണ്ടെന്നും രശ്മിക പറയുന്നു.
തന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളെക്കുറിച്ചും അവയിൽ വരുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചും താരം സംസാരിച്ചു. ഒരുകാലത്ത് അവൊക്കാഡോ ടോസ്റ്റ് രശ്മികയുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമായിരുന്നു. എന്നാൽ ഡയറ്റീഷ്യന്റെ ഉപദേശത്തെത്തുടർന്ന് ഇപ്പോൾ അതിന്റെ അളവ് കുറച്ചു. ഉച്ചഭക്ഷണത്തിന് തെന്നിന്ത്യൻ വിഭവങ്ങളാണ് താരം തിരഞ്ഞെടുക്കുന്നത്. ചോറിന്റെ അളവ് കുറച്ച് പച്ചക്കറികൾക്ക് പ്രാധാന്യം നൽകുന്നതാണ് രശ്മികയുടെ രീതി. എല്ലാ കറികളും കൂട്ടിക്കലർത്തി കഴിക്കുന്ന ഒരു വ്യത്യസ്തമായ ശീലവും തനിക്കുണ്ടെന്ന് താരം വെളിപ്പെടുത്തി.
Also Read: മദ്യപിക്കുന്നവർ ശ്രദ്ധിക്കുക; അർബുദ സാധ്യത കുറയ്ക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്ന 5 കാര്യങ്ങൾ
ലഘുവായ അത്താഴമാണ് രശ്മിക സാധാരണയായി പിന്തുടരുന്നത്. എന്നാൽ സുഹൃത്തുക്കളോടൊപ്പം പുറത്തുപോകുമ്പോൾ ഭക്ഷണകാര്യത്തിൽ വലിയ നിയന്ത്രണങ്ങൾ വെക്കാറില്ല. ലഘുഭക്ഷണമായി മധുരക്കിഴങ്ങ് കഴിക്കാൻ താരം ഏറെ ഇഷ്ടപ്പെടുന്നു. മധുരപലഹാരങ്ങളോട് വലിയ പ്രിയമുള്ള ആളാണെങ്കിലും കൃത്യമായ അച്ചടക്കത്തോടെയാണ് താരം തന്റെ ഭക്ഷണക്രമം മുന്നോട്ട് കൊണ്ടുപോകുന്നത്.
ചില ഭക്ഷണങ്ങളോടുള്ള അലർജിയെക്കുറിച്ചും രശ്മിക അഭിമുഖത്തിൽ പങ്കുവെച്ചു. തക്കാളി, ഉരുളക്കിഴങ്ങ്, വെള്ളരിക്ക, കാപ്സിക്കം തുടങ്ങിയ നിത്യോപയോഗ പച്ചക്കറികൾ തനിക്ക് അലർജിയുണ്ടാക്കുന്നവയാണെന്ന് താരം പറയുന്നു. ഇത്തരം വെല്ലുവിളികൾക്കിടയിലും തന്റെ ചർമ്മത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്താൻ അനുയോജ്യമായ ഭക്ഷണങ്ങൾ മാത്രമാണ് രശ്മിക തിരഞ്ഞെടുക്കുന്നത്.
The post രശ്മികയുടെ ഫിറ്റ്‌നസ് രഹസ്യം; ഒരു ലിറ്റർ വെള്ളവും എഗ്ഗെറ്റേറിയൻ ഡയറ്റും appeared first on Express Kerala.






