
പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ രാജ്യത്തെ ദേശീയപാതകളിലെ ടോൾ നിരക്കുകൾ വർധിപ്പിച്ച് ദേശീയപാത അതോറിറ്റി ഉത്തരവിറക്കി. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്ക് പ്രകാരം വിവിധ പാതകളിൽ 3 ശതമാനം മുതൽ 5 ശതമാനം വരെയാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന എക്സ്പ്രസ് വേകളിലും വിമാനത്താവളത്തിലേക്കുള്ള പാതകളിലും ഈ മാറ്റം യാത്രക്കാരെ നേരിട്ട് ബാധിക്കും.
ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ കാറുകളുടെ ടോളിൽ 5 രൂപയുടെ വർധനവുണ്ടായി. ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള വൺവേ യാത്രയ്ക്ക് ഇനി 355 രൂപ നൽകണം. കണിമിണിക്കി പ്ലാസയിൽ ഒരു വശത്തേക്ക് 180 രൂപയും ഇരുവശത്തേക്കുമായി 265 രൂപയുമാണ് പുതിയ നിരക്ക്. എയർപോർട്ട് യാത്രക്ക് (ബല്ലാരി റോഡ്) കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള സദഹള്ളി ടോൾ ഗേറ്റിൽ പോയി-വരാനുള്ള നിരക്ക് 180 രൂപയിൽ നിന്ന് 185 രൂപയായി ഉയർന്നു. വായു വജ്ര പോലുള്ള എസി ബസുകളിലെ ടിക്കറ്റ് നിരക്കിനെയും ഇത് ബാധിച്ചേക്കാം.
Also Read: വാഹനക്കടലായി ബെംഗളൂരു; എണ്ണം 1.2 കോടി കടന്നു, ഓരോ കിലോമീറ്ററിലും 900 വാഹനങ്ങൾ
ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേയിൽ ഹൊസക്കോട്ടെ-കെജിഎഫ് ഇടയിലുള്ള 72 കിലോമീറ്റർ ദൂരത്തിന് കാറുകൾക്ക് ഒരു വശത്തേക്ക് ഏകദേശം 150 രൂപയും ഇരുവശത്തേക്കുമായി 225 രൂപയും നൽകേണ്ടി വരും. സാറ്റലൈറ്റ് ടൗൺ റിങ് റോഡിലും കാറുകൾക്ക് 5 രൂപയുടെ വർധനവുണ്ട്. നെല്ലൂർ-ദേവനഹള്ളി പ്ലാസയിൽ ഒരു വശത്തേക്ക് 75 രൂപയാണ് പുതിയ നിരക്ക്. ചെറിയ ചരക്ക് വാഹനങ്ങൾക്കും മിനി ബസുകൾക്കും 5 രൂപ വീതവും, ട്രക്കുകൾക്കും വലിയ ബസുകൾക്കും 5 മുതൽ 15 രൂപ വരെയും വർധനയുണ്ട്. സദഹള്ളി ഗേറ്റിൽ ട്രക്കുകൾക്ക് ഒരു വശത്തേക്ക് 375 രൂപയും ഇരുവശത്തേക്കുമായി 565 രൂപയുമാണ് പുതുക്കിയ നിരക്ക്.
The post ദേശീയപാതകളിൽ ടോൾ നിരക്ക് വർധിപ്പിച്ചു; യാത്രകൾക്ക് ഇനി ചിലവേറും! appeared first on Express Kerala.









