
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎൽ പോരാട്ടത്തിൽ തകർപ്പൻ തുടക്കത്തിന് ശേഷം തകർന്നടിഞ്ഞ് രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും ചേർന്ന് നൽകിയ വെടിക്കെട്ട് തുടക്കം മുതലാക്കാൻ മധ്യനിരയ്ക്ക് കഴിയാതെ പോയതോടെയാണ് രാജസ്ഥാൻ കുറഞ്ഞ സ്കോറിലേക്ക് ഒതുങ്ങിയത്. കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തിയും കാർത്തിക് ത്യാഗിയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി.
Also Read: ബാറ്റിങ്ങിൽ മാത്രമല്ല, റിവ്യൂവിലും കിങ്; അഭിഷേകിനെ വീഴ്ത്താൻ തന്ത്രമോതി സഞ്ജു സാംസൺ
ആദ്യ എട്ട് ഓവറിൽ 81 റൺസെന്ന നിലയിൽ കുതിക്കുകയായിരുന്ന രാജസ്ഥാന് വേണ്ടി വൈഭവ് സൂര്യവംശിയാണ് (28 പന്തിൽ 46) ടോപ്പ് സ്കോററായത്. യശസ്വി ജയ്സ്വാൾ 39 റൺസെടുത്തു. എന്നാൽ പത്താം ഓവറിൽ വൈഭവിനെ പുറത്താക്കി വരുൺ ചക്രവർത്തിയാണ് കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. ഒരവസരത്തിൽ 10.3 ഓവറിൽ 97-1 എന്ന അതിശക്തമായ നിലയിലായിരുന്ന രാജസ്ഥാന് അവസാന പത്ത് ഓവറിൽ എട്ട് വിക്കറ്റുകൾ നഷ്ടമായതോടെ കേവലം 59 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്.
മധ്യ ഓവറുകളിൽ വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും ചേർന്നാണ് രാജസ്ഥാനെ വരിഞ്ഞുമുറുക്കിയത്. ക്യാപ്റ്റൻ റിയാൻ പരാഗ് (12), ഷിമ്രോൺ ഹെറ്റ്മെയർ (15) എന്നിവർക്ക് ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. അവസാന ഓവറുകളിൽ കാർത്തിക് ത്യാഗി നടത്തിയ കൃത്യതയാർന്ന ബൗളിംഗ് രാജസ്ഥാൻ വാലറ്റത്തെ തകർത്തു. വരുൺ ചക്രവർത്തി നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോൾ ത്യാഗി 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. സീസണിലെ ആദ്യ വിജയം തേടിയിറങ്ങുന്ന കൊൽക്കത്തയ്ക്ക് സ്വന്തം കാണികൾക്ക് മുന്നിൽ 156 റൺസാണ് വിജയലക്ഷ്യം.
The post തകർപ്പൻ തുടക്കം, പിന്നാലെ തകർച്ച; കൊൽക്കത്തയുടെ സ്പിൻ കെണിയിൽ വീണ് രാജസ്ഥാൻ, വിജയലക്ഷ്യം 156 appeared first on Express Kerala.









