
കോഴിക്കോട്: കൊടുവള്ളി എളേറ്റിൽ വട്ടോളിയിൽ ബേക്കറിയിൽ സാധനം വാങ്ങാനെത്തിയ യുവാക്കൾക്ക് നേരെ ക്രൂരമായ മർദനം. പന്നൂർ സ്വദേശികളായ ഇ.കെ. മുഹമ്മദ് റാസിഖ്, ഇഷാം മുഹമ്മദ്, സാദാത്ത് അലി എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ഏഴരയോടെ വട്ടോളിയിലെ ചപ്പാത്തിക്കമ്പനിക്ക് മുന്നിലായിരുന്നു സംഭവം.
യാതൊരുവിധ പ്രകോപനവുമില്ലാതെ രണ്ട് സംഘങ്ങളായെത്തിയവർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ യുവാക്കൾ പറഞ്ഞു. ആളുമാറി നടന്ന മർദനമാണെന്നാണ് പ്രാഥമിക സൂചന. അക്രമത്തിൽ യുവാക്കളുടെ തലയ്ക്കും നെറ്റിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന സഫീർ, അൻസിഫ് എന്നിവർക്കും മറ്റുള്ളവർക്കുമെതിരെ കൊടുവള്ളി പോലീസ് കേസെടുത്തു. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. അക്രമത്തിന് പിന്നിലെ യഥാർത്ഥ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
The post കൊടുവള്ളിയിൽ യുവാക്കൾക്ക് നേരെ ആൾക്കൂട്ട ആക്രമണം; ആളുമാറി മർദിച്ചതെന്ന് സൂചന appeared first on Express Kerala.







