
തിരുവനന്തപുരം: സ്വിഷ് ബാസ്‌ക്കറ്റ്‌ബോള്‍ അക്കാദമിയും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ സ്വിഷ് മാസ്റ്റേഴ്‌സ് ഓള്‍ ഇന്ത്യ പ്രൈസ് മണി ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന് സമാപിക്കും. മൂന്ന് ദിവസം നീണ്ടുനിന്ന കായിക മാമാങ്കത്തിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന് രാവിലെയും ആവേശകരമായ ഫൈനല്‍ മത്സരങ്ങള്‍ ഉച്ചകഴിഞ്ഞും നടക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 60 ടീമുകളാണ് ഒമ്പത് പ്രായപരിധിയിലുള്ള വിഭാഗങ്ങളിലായി ഈ ടൂര്‍ണമെന്റില്‍ മാറ്റുരയ്‌ക്കുന്നത്. മുന്‍ അന്താരാഷ്‌ട്ര താരങ്ങളും പ്രഗത്ഭരായ മുന്‍കാല കളിക്കാരും അണിനിരന്നതോടെ ടൂര്‍ണമെന്റ് ആവേശത്തിന്റെ കൊടുമുടിയിലാണ്.
വനിതകളുടെ 50+ വിഭാഗത്തില്‍ മുംബൈ ലെജന്‍ഡ്സിനെ 23-9 എന്ന സ്‌കോറിന് തകര്‍ത്ത് കോര്‍ട്ട് ക്വീന്‍സ് കേരള കിരീടം ചൂടി. മുന്‍ അന്താരാഷ്ട്ക താരങ്ങളായ ജീന സക്കറിയ, മേഴ്‌സി ഇഗ്‌നേഷ്യസ്, ജയ സന്തോഷ് എന്നിവര്‍ നയിച്ച ടീമിനായി ബിനു ചെറിയാന്‍ (6 പോയിന്റ്) മികച്ച പ്രകടനം കാഴ്ചവെച്ചു. ജേതാക്കള്‍ക്ക് 25,000 രൂപയും റണ്ണേഴ്‌സ് അപ്പിന് 15,000 രൂപയും സമ്മാനമായി ലഭിച്ചു.
30+ പുരുഷ വിഭാഗത്തില്‍ എറണാകുളം റോഷന്‍ 7 സ്റ്റാര്‍, എഫ്.ടി.എ പൂനെ എന്നിവര്‍ സെമിയില്‍ പ്രവേശിച്ചു.









