
ഹോര്‍സെന്‍: തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരതത്തിന് അത്യുഗ്രന്‍ തുടക്കം. പ്രാഥമിക ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കാനഡയ്‌ക്കിതെര 4-1ന്റെ വിജയം നേടി. ഭാരത നിരയില്‍ ആദ്യ മത്സരത്തിനിറങ്ങിയ ലക്ഷ്യ സെന്‍ മാത്രമാണ് പരാജയപ്പെട്ടത്. തുടര്‍ന്നുള്ള നാല് മത്സരങ്ങളിലും ഭാരതം വിജയിച്ചു.
പരിചയ സമ്പന്നനായ കിഡംബി ശ്രീകാന്ത് കളത്തിലിറങ്ങി നേടിയ നേരിട്ടുള്ള ഗെയിം വിജയത്തോടെയാണ് ഭാരതം ആദ്യ മത്സരം പൂര്‍ത്തിയാക്കിയത്. കാനഡയുടെ ജോഷ്യ എന്‍ഗൂയനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ക്കുകയായിരുന്നു. സ്‌കോര്‍ 21-17, 21-12നായിരുന്നു ശ്രീകാന്തിന്റെ വിജയം.
ആദ്യ മത്സരത്തില്‍ സിംഗിള്‍സില്‍ വിക്ടര്‍ ലായിയെ നേരിടാനിറങ്ങിയ ലക്ഷ്യ സെന്‍ പരാജയപ്പെട്ടത് ഭാരത്തിന്റെ തുടക്കത്തിന് തിരിച്ചടി നേരിട്ടു. സ്‌കോര്‍ 21-18, 19-21, 10-21നായിരുന്നു ലക്ഷ്യയുടെ തോല്‍വി.
പിന്നീട് ഡബിള്‍സിനിറങ്ങിയ സാത്വിക് സായിരാജ് രങ്കീറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം നേരിട്ടുള്ള ഗെയിമിന് ജോനാഥന്‍ ലായി-കെവിന്‍ ലീ സഖ്യത്തെ തോല്‍പ്പിച്ചു. സ്‌കോര്‍ 21-10, 21-11. പിന്നീട് ഇറങ്ങിയ ആയുഷ് ഷെട്ടിയും നേരിട്ടുള്ള ഗെയിം വിജയം കൈവരിച്ചു. കരിയറില്‍ ആദ്യമായാണ് ആയുഷ് തോമസ് കപ്പിനിറങ്ങിയത്. കാനഡയുടെ ബ്രയാന്‍ യാങ്ങിനെയാണ് ആയുഷ് 21-13, 21-17ന് പരാജയപ്പെടുത്തിയത്.
തുടര്‍ന്ന് കളത്തിലിറങ്ങിയ ഹരിഹരന്‍ അംശകരുണന്‍-എം.ആര്‍. അര്‍ജുന്‍ സഖ്യം ഡബിള്‍സില്‍ വിജയം നേടി. കനേഡിയന്‍ സഖ്യം ടൈ അലെക്‌സാണ്ടര്‍ ലിന്‍ഡെമാന്‍-നില്‍ യാക്കുറ സഖ്യത്തെയാണ് കീഴടക്കിയത്. സ്‌കോര്‍ 21-7, 21-15ന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. ഒടുവില്‍ ശ്രീകാന്തിന്റെ ഫിനിഷിങ്ങോടെ മത്സരം അവസാനിക്കുകയായിരുന്നു.









