
നിർമ്മിത ബുദ്ധി രംഗത്തെ പ്രമുഖരായ ആന്ത്രോപ്പിക്കിൽ വൻ നിക്ഷേപത്തിനൊരുങ്ങി ടെക് ഭീമനായ ഗൂഗിൾ. ആദ്യഘട്ടത്തിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് ഗൂഗിളിന്റെ തീരുമാനം. വരും വർഷങ്ങളിൽ ഇത് 30 ബില്യൺ ഡോളർ വരെയായി ഉയർത്തുമെന്നും സൂചനയുണ്ട്. ഇതോടെ ആന്ത്രോപ്പിക്കിന്റെ വിപണി മൂല്യം 350 ബില്യൺ ഡോളറിലെത്തി.
പണത്തിന് പുറമെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5 ഗിഗാവാട്ട് കമ്പ്യൂട്ടിങ് ശേഷി ഗൂഗിൾ ക്ലൗഡ് ആന്ത്രോപ്പിക്കിന് നൽകും. എഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിന് ഇത് വലിയ സഹായമാകും. 2025 അവസാനത്തിൽ 9 ബില്യൺ ഡോളറായിരുന്ന ആന്ത്രോപ്പിക്കിന്റെ വാർഷിക വരുമാനം ഇപ്പോൾ 30 ബില്യൺ ഡോളർ കവിഞ്ഞു. ഗൂഗിളിന് തൊട്ടുപിന്നാലെ ആമസോണും 5 ബില്യൺ ഡോളർ ആന്ത്രോപ്പിക്കിൽ നിക്ഷേപിച്ചിട്ടുണ്ട്.
Also Read: ഇത് ക്യാമറയല്ല, അത്ഭുതമാണ്! 36,000 കിലോമീറ്റർ അകലെനിന്ന് നമ്മെ നിരീക്ഷിക്കുന്ന രഹസ്യ കണ്ണ്
ആന്ത്രോപ്പിക്കിന്റെ വളർച്ചയിലെ മാന്ത്രിക വടി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ക്ലോഡ് കോഡ് എന്ന എഐ ടൂളാണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ ജോലി എളുപ്പമാക്കുന്ന ഈ കോഡിങ് അസിസ്റ്റന്റിന് സിലിക്കൺ വാലിയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗൂഗിളിലെ എഞ്ചിനീയർമാർ പോലും ഈ ടൂൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നത് ഇതിന്റെ മികവ് തെളിയിക്കുന്നു. ഒരു വർഷം കൊണ്ട് പൂർത്തിയാക്കേണ്ട പ്രോജക്റ്റുകൾ മണിക്കൂറുകൾക്കുള്ളിൽ തീർക്കാൻ ഇതിന് സാധിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആന്ത്രോപ്പിക് പുറത്തിറക്കിയ ക്ലോഡ് മിത്തോസ് എന്ന പുതിയ മോഡൽ ലോകമെങ്ങും ചർച്ചയാകുന്നുണ്ട്. സോഫ്റ്റ്‌വെയറുകളിലെ പിഴവുകൾ കണ്ടെത്താനും അവ പരിഹരിക്കാനുമുള്ള ഇതിന്റെ അസാധാരണ ശേഷി സൈബർ സുരക്ഷാ രംഗത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്യപ്പെട്ടാൽ വലിയ ഹാക്കിങ് ഭീഷണി ഉണ്ടായേക്കാം എന്നതിനാൽ ഈ മോഡലിന്റെ ഉപയോഗത്തിൽ കമ്പനി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗൂഗിളും ആമസോണും സ്വന്തമായി എഐ മോഡലുകൾ (ഉദാഹരണത്തിന് ഗൂഗിളിന്റെ Gemini) നിർമ്മിക്കുന്നുണ്ടെങ്കിലും, ആന്ത്രോപ്പിക്കിൽ നിക്ഷേപം നടത്തുന്നത് വഴി ഒരു വിപണി കുത്തക ഉറപ്പാക്കുകയാണ് ലക്ഷ്യം. ആന്ത്രോപ്പിക് തിരികെ ഗൂഗിളിൽ നിന്നും ആമസോണിൽ നിന്നും ചിപ്പുകളും ക്ലൗഡ് സേവനങ്ങളും വാങ്ങുന്നതിലൂടെ പണം ഈ വമ്പൻ കമ്പനികളിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്യുന്നു.
The post എഐ വിപണിയിൽ പോരാട്ടം മുറുകുന്നു; ആന്ത്രോപ്പിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ! appeared first on Express Kerala.








