ഹൈദരാബാദ്: വാരാന്ത്യങ്ങളിൽ കഫേകളിലും മാളുകളിലും കറങ്ങി മടുത്തോ? ഇതാ വ്യത്യസ്തമായ ജയിൽ ടൂറിസം പദ്ധതിയുമായി ഹൈദരാബാദ്. ഇനി നിങ്ങൾക്ക് ഹൈദരാബാദിലെ ജയിലിൽ ഒരു ദിവസം തടവുകാരനായി കഴിയാം. ചഞ്ചൽഗുഡയിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷനൽ അഡ്മിനിസ്ട്രേഷനിൽ (എസ്.ഐ.സി.എ) ഏപ്രിൽ 28 മുതൽ ‘ജയിൽ മ്യൂസിയം’ ടൂറിസം പദ്ധതി നിലവിൽ വരികയാണ്. ‘ഫീൽ ദ ജയിൽ’ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
ഇതൊരു പുതിയ ആശയമല്ല. 2016ൽ തെലങ്കാന സംഗറെഡ്ഡിയിലെ ഹെറിറ്റേജ് ജയിൽ മ്യൂസിയത്തിലാണ് ഈ പദ്ധതി ആദ്യമായി പരീക്ഷിച്ചത്. 1796ൽ നിസാം ഭരണകാലത്ത് നിർമിച്ച പഴയ ജയിൽ പിന്നീട് മ്യൂസിയമായി മാറ്റിയപ്പോൾ, തടവറയിലെ ജീവിതം നേരിട്ടറിയാൻ ടൂറിസ്റ്റുകൾക്കും വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും അവസരമൊരുക്കി. 500 രൂപ നൽകിയാൽ 24 മണിക്കൂർ ജയിലിനുള്ളിൽ തടവുകാരനെപ്പോലെ കഴിയാനായിരുന്നു സൗകര്യം. ഈ പദ്ധതിയുടെ വലിയ വിജയത്തിന് ശേഷമാണ് ഇപ്പോൾ ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിലും ഇത് ആരംഭിക്കുന്നത്.

ചഞ്ചൽഗുഡയിലെ അതിസുരക്ഷയുള്ള ജയിൽ കാമ്പസിനുള്ളിലാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. തെലങ്കാനയിലെ ജയിൽ ചരിത്രവും പരിഷ്കാരങ്ങളും ഇവിടെ കാണാം. പഴയ കാലത്തെ ശിക്ഷാരീതികൾ, തടവുകാർ ഉപയോഗിച്ചിരുന്ന ചങ്ങലകൾ, നെയ്ത്ത് യന്ത്രങ്ങൾ എന്നിവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ തടവുകാരുടെ ദൈനംദിന ജീവിതം, കോടതി നടപടികൾ, കുടുംബാംഗങ്ങൾ സന്ദർശിക്കുന്നത് തുടങ്ങിയവ ഓഡിയോ-വിഷ്വൽ സംവിധാനത്തിലൂടെ മനസ്സിലാക്കാം. ജയിലിലെ കൃഷി, കൈത്തറി, മറ്റ് തൊഴിൽ പരിശീലനങ്ങൾ എന്നിവയും നേരിൽ കാണാം.
വിനോദത്തേക്കാൾ ഉപരിയായ തിരിച്ചറിവാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കാനും, കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങൾ ബോധ്യപ്പെടുത്താനും, ജയിലിലെ ജീവിതം എത്രത്തോളം കഠിനമാണെന്ന് നേരിട്ടറിയാനും സന്ദർശകർക്ക് ഇവിടെ സാധിക്കും. പ്രത്യേകിച്ച് യുവാക്കൾക്ക് തെറ്റായ വഴിയിൽനിന്ന് പിന്മാറാനുള്ള ഓർമപ്പെടുത്തലായിരിക്കും ഈ അനുഭവം. തടവുകാരുടെ ഭക്ഷണം, അവരുടെ ദിനചര്യകൾ, അച്ചടക്കം, താമസ സൗകര്യം എന്നിവയെല്ലാം കൃത്രിമത്വവുമില്ലാതെ ഇവിടെ അനുഭവിക്കാം.

ലക്ഷ്വറി സൗകര്യങ്ങൾക്കപ്പുറം യാഥാർഥ്യത്തെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന വ്യത്യസ്തമായ യാത്രയായിരിക്കും ഇത്. പദ്ധതിയുടെ കൂടുതൽ വിവരങ്ങളും ബുക്കിങ് സൗകര്യങ്ങളും ഉടൻ ഔദ്യോഗികമായി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.






