പത്തനംതിട്ട: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വിനോദസഞ്ചാരികൾ കുറയുന്നു. പുതിയ പദ്ധതികൾ ഇല്ലാത്തതും സഞ്ചാരികളെ അകറ്റുന്നു. അരുവിക്കുഴി, പെരുന്തേനരുവി, കവിയൂർ ഗുഹാക്ഷേത്രം, തിരുവല്ല ചന്തത്തോട് വാട്ടർ പാർക്ക്, ഗവി, മണ്ണടി സ്മാരകം എന്നീ പദ്ധതികളെല്ലാം നിലച്ച മട്ടിലാണ്. ഗവി ടൂറിസം പാക്കേജും മുടങ്ങിയ അവസ്ഥയിലാണ്. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പുനരാരംഭിക്കുമെന്നാണ് ഡി.ടി.പി.സി അധികൃതർ പറയുന്നത്. വനംവകുപ്പിന്റെ അധീനതയിലുള്ള കോന്നി ഇക്കോ ടൂറിസവും ഗവിയുമാണ് ജില്ലയിൽ വരുമാനം നേടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ. കോന്നി അടവിയിലും സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ആയിട്ടില്ല.
സത്രങ്ങൾ മാത്രമാണ് നിലവിൽ ഡി.ടി.പി.സിയുടെ ചുമതലയിൽ പ്രവർത്തിക്കുന്നത്. തിരുവല്ലയിലും പെരുന്തേനരുവിയിലുമാണ് സത്രങ്ങൾ ഉള്ളത്. അടൂർ മണ്ണടി സ്മാരകത്തിലെ വിവിധ പദ്ധതികളും പൂർത്തിയായിട്ടില്ല. ഡി.ടി.പി.സിയുടെ കെട്ടിടങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സംരക്ഷിക്കാനും പദ്ധതികളില്ല. പല സ്ഥലങ്ങളും കാട് പിടിച്ച് കിടക്കുകയാണ്. ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സുരക്ഷിതമല്ലാത്തത് സഞ്ചാരികളെ അകറ്റുകയാണ്. കോന്നി ആനക്കൂടിൽ കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസ്സുകാരൻ മരിച്ചിട്ട് ഒരുവർഷം കഴിയുന്നു. സുരക്ഷ സൗകര്യമൊരുക്കാത്തതും അശ്രദ്ധയും അപകടങ്ങൾക്ക് കാരണമാകുന്നു.
പെരുന്തേനരുവിയിൽ പൊലിഞ്ഞത് നിരവധി യുവാക്കളുടെ ജീവനാണ്. സുരക്ഷാവേലി ഇല്ലാത്തത് അപകടത്തിന് കാരണമാകുന്നു. ഡാം വന്നതോടെ പെരുന്തേനരുവി വറ്റി. അരുവിക്കുഴിയും വറ്റി വരണ്ടു. ഫണ്ടുകൾ ലഭ്യമാകാത്തതും കാലതാമസം ഉണ്ടാകുന്നതും പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കുന്നു. അരുവിക്കുഴി, കവിയൂർ ഗുഹാക്ഷേത്രം, ചന്തത്തോട് വാട്ടർ പാർക്ക്,കോന്നി ആനക്കൂട്, അടവി കുട്ടവഞ്ചി, മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം, പെരുന്തേനരുവി, പത്തനംതിട്ട ചുട്ടിപ്പാറ, മണ്ണീറ വെള്ളച്ചാട്ടം എന്നിവയാണ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ.









