
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ ആരംഭിച്ച മുഖ്യമന്ത്രി ചർച്ചകൾ നിയന്ത്രണം വിട്ടതോടെ കർശന ഇടപെടലുമായി ഹൈക്കമാൻഡ്. നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് സൈബർ പോര് മാറിയതിൽ ഘടകകക്ഷികൾ അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് എഐസിസി ഇടപെടൽ. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾ നിയന്ത്രിക്കാൻ കെപിസിസിക്ക് നിർദ്ദേശം നൽകി.
‘ഇലക്ഷൻ 2026 വിഡിഎസ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നതായാണ് പരാതി. കെ.സി വേണുഗോപാൽ, കെ. സുധാകരൻ, റോജി എം. ജോൺ തുടങ്ങിയ പ്രമുഖ നേതാക്കളെ സൈബർ ഇടങ്ങളിൽ അപമാനിക്കാൻ ഈ ഗ്രൂപ്പിലൂടെ ആഹ്വാനം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. റോജി എം. ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷമായ അധിക്ഷേപങ്ങൾ ചൊരിയാൻ നിർദ്ദേശം നൽകിയത് ഈ ഗ്രൂപ്പിലായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
Also Read: പുതുപ്പള്ളിയിൽ വോട്ടിംഗ് മെഷീൻ സുരക്ഷയിൽ വീഴ്ച; ആശങ്കയുമായി ചാണ്ടി ഉമ്മൻ
പ്രധാനപ്പെട്ട ഒരു നേതാവിന് വേണ്ടി പിആർ വർക്ക് നടത്തുന്നവരും ചില നേതാക്കളുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും ഈ ഗ്രൂപ്പിലുണ്ടെന്നാണ് വിവരം. വിമല ബിനുവിനെതിരെ നടപടി വേണമെന്ന് കെപിസിസി യോഗത്തിൽ നേതാക്കൾ ശക്തമായി ആവശ്യപ്പെട്ടു. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും, വാട്‌സ്ആപ്പ് ചാറ്റുകളെക്കുറിച്ച് അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഉറപ്പുനൽകി. നേതാക്കളെ വ്യാജ അക്കൗണ്ടുകളിലൂടെ അപമാനിക്കുന്നതിനെതിരെ പോലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
The post കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് മുറുകുന്നു; സൈബർ അധിക്ഷേപത്തിൽ ഹൈക്കമാൻഡ് ഇടപെടൽ appeared first on Express Kerala.








