
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ഐപിഎല്ലിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ അഭിഷേക് ശർമ്മ തിരിച്ചുപിടിച്ചു. 24 പന്തിൽ 45 റൺസ് നേടിയതോടെയാണ് താരം പട്ടികയിൽ വീണ്ടും ഒന്നാമതെത്തിയത്. മൂന്ന് സിക്‌സറുകളും നാല് ഫോറുകളും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്‌സ്. ഇതോടെ ഒമ്പത് മത്സരങ്ങളിൽ നിന്ന് 425 റൺസാണ് താരം അടിച്ചുകൂട്ടിയത്. വൈഭവ് സൂര്യവംശിയെ മറികടന്നാണ് അഭിഷേക് ഈ നേട്ടം സ്വന്തമാക്കിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. റിയാൻ റിക്കിൽട്ടന്റെ തകർപ്പൻ സെഞ്ച്വറിയാണ് മുംബൈയെ മികച്ച നിലയിലെത്തിച്ചത്. വെറും 55 പന്തിൽ എട്ട് സിക്‌സറും പത്ത് ഫോറുകളും അടക്കം 123 റൺസ് നേടി താരം പുറത്താകാതെ നിന്നു. വിൽ ജാക്സ് (46), ഹാർദിക് പാണ്ഡ്യ (31), നമാൻ ധിർ (22) എന്നിവരും മുംബൈ സ്കോറിലേക്ക് ഗണ്യമായ സംഭാവന നൽകി. സൺറൈസേഴ്സിനായി പ്രഫുൽ ഹിൻഗെ രണ്ട് വിക്കറ്റ് വീഴ്ത്തി.
Also Read:മുംബൈയ്ക്ക് തിരിച്ചടി! രോഹിത് ശർമ്മ തിരിച്ചെത്താൻ ഇനിയും മത്സരങ്ങൾ വേണ്ടിവരും; ഹാർദിക് പാണ്ഡ്യ
244 റൺസ് എന്ന വലിയ വിജയലക്ഷ്യം പിന്തുടരുന്ന ഹൈദരാബാദും മികച്ച രീതിയിലാണ് ബാറ്റിങ് തുടരുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 12 ഓവർ പിന്നിട്ട സൺറൈസേഴ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ്. ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ അഭിഷേക് ശർമ്മയും വൈഭവ് സൂര്യവംശിയും തമ്മിലുള്ള മത്സരം ഐപിഎൽ ആവേശത്തെ ഇരട്ടിയാക്കുന്നുണ്ട്.
The post ഓറഞ്ച് ക്യാപ് ഇനി അഭിഷേകിന് സ്വന്തം; മുംബൈയ്ക്കെതിരെ തകർപ്പൻ ബാറ്റിങ്ങുമായി ഹൈദരാബാദ് താരം appeared first on Express Kerala.






