
മുംബൈ: ഐപിഎല്‍ ക്രിക്കറ്റിന്റെ പ്ലേ ഓഫ്, ഫൈനല്‍ പോരാട്ടങ്ങള്‍ക്കായുള്ള വേദികള്‍ ബിസിസിഐ പ്രഖ്യാപിച്ചു. 31ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലായിരിക്കും ഫൈനല്‍ പോരാട്ടം. ബെംഗളൂരുവിലെ ചിന്ന സ്വാമി സ്റ്റേഡിയം ആണ് ഫൈനലിനായി നിശ്ചയിച്ചിരുന്നത് അതുമാറ്റിയാണ് ഇന്നലെ അന്തിമ തീരുമാനം വന്നിരിക്കുന്നത്.
ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ ഫൈനല്‍ നടത്തുന്നതിന് പ്രാദേശികമായ പല വെല്ലുവിളികളുമുണ്ട്. അവയെ മറികടന്ന് ഇത്രയും വലിയൊരു മത്സരം സംഘടിപ്പിക്കുന്നത് ബിസിസിഐ വെല്ലുവിളിയായി കാണുന്നു. ഇതേ തുടര്‍ന്നാണ് വേദി മാറ്റിയത്.
26 മുതല്‍ 29 വരെയാണ് പ്ലേ ഓഫ് മത്സരങ്ങള്‍. 24ന് കൊല്‍ക്കത്തയില്‍ നടക്കുന്ന കെകെആര്‍-ഡിസി പോരാട്ടത്തോടെ ലീഗ് ഘട്ടത്തിലെ 70 മത്സരങ്ങളും പൂര്‍ത്തിയാകും.
26ന് പോയിന്റ് പട്ടികയില്‍ മുന്നില്‍ വരുന്ന രണ്ട് ടീമുകള്‍ ധര്‍മശാലയില്‍ ക്വാളിഫയര്‍ 1ല്‍ ഏറ്റുമുട്ടും. ഈ മത്സരം ജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. 27ന് ന്യൂചണ്ഡീഗഢില്‍ മൂന്നും നാലും സ്ഥാനക്കാര്‍ തമ്മില്‍ എലിമിനേറ്റര്‍ 1 മത്സരം കളിക്കും. ഇതില്‍ തോല്‍ക്കുന്നവര്‍ പുറത്താകും. ജയിക്കുന്നവര്‍ 29ന് ഇതേ സ്റ്റേഡിയത്തില്‍ ക്വാളിഫയര്‍ 2 കളിക്കും. ക്വാളിഫയര്‍ 1ല്‍ പരാജയപ്പെട്ടവരായിരിക്കും എതിരാളികള്‍. സീസണിലെ 50-ാം മത്സരം ഇന്ന് രാത്രി ലഖ്‌നൗവില്‍ നടക്കും. ആതിഥേയരായ ലഖ്‌നൗ നിലവിലെ ജേതാക്കളായ ആര്‍സിബിയെ നേരിടും.









