
ന്യൂദല്‍ഹി: ഡയമണ്ട് ലീഗ് റോം ലെഗിന്റെ എന്‍ട്രി പട്ടികയില്‍ നിന്ന് ഭാരതത്തിന്റെ സൂപ്പര്‍ താരം നീരജ് ചോപ്ര പുറത്ത്. ഇരട്ട ഒളിംപിക് മെഡല്‍ ജേതാവായ നീരജ് പരിക്കില്‍നിന്ന് ഇനിയും മുക്തനാകാത്തതാണ് വിട്ടുനില്‍ക്കുന്നതിനുള്ള കാരണം. അതേസമയം, ഭാരത താരമായ സച്ചിന്‍ യാദവ് ഡയമണ്ട് ലീഗില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത് ഭാരത അത്‌ലറ്റിക്‌സിന് പുതിയ പ്രതീക്ഷയായി.
ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജിനെ പോലും പിന്നിലാക്കി നാലാം സ്ഥാനത്ത് എത്തിയ സച്ചിന്‍, 86.27 മീറ്റര്‍ വ്യക്തിഗത മികച്ച പ്രകടനവുമായി ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇപ്പോള്‍ റോമില്‍ ലോകോത്തര താരങ്ങള്‍ക്കെതിരെ തന്നയാണ് ഭാരതത്തിന് പ്രധാന പരീക്ഷ. ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍, ചെക്ക് റിപ്പബ്ലിക്കിന്റെ യാകുബ് വാഡ്‌ലെജ്, ഗ്രനേഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ്, ശ്രീലങ്കയുടെ റുമേഷ് തരംഗ പതിരാജെ, ജെര്‍മനിയുടെ തോമസ് റോളര്‍, യുഎസ്എയുടെ കര്‍ട്ടിസ് തോംസണ്‍, പോളണ്ടിന്റെ ഡേവിഡ് വെഗ്നര്‍ തുടങ്ങിയ വമ്പന്‍മാര്‍ പങ്കെടുക്കുന്ന വേദിയിലാണ് സച്ചിന്റെ അരങ്ങേറ്റം.89.37 മീറ്റര്‍ എറിഞ്ഞ് ഈ വര്‍ഷം ലോക ശ്രദ്ധ പിടിച്ചു പറ്റിയ റുമേഷും പട്ടികയിലുണ്ടെന്നത് പോരാട്ടത്തിന്റെ തീവ്രത കൂട്ടുന്നു.









