
ബിര്‍മിങ്ങാം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ടീം ലിവര്‍പൂള്‍ എഫ്‌സിക്ക് സീസണിലെ ആദ്യ നാലില്‍ ഉള്‍പ്പെടല്‍ ദുഷ്‌കരം. ഇന്നലെ ആസ്റ്റണ്‍ വില്ലയുമായുള്ള മത്സരത്തില്‍ 2-4ന്റെ തോല്‍വി വഴങ്ങിയതോടെ ടീം പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഇടിഞ്ഞു. ലിവറിനെ തോല്‍പ്പിച്ച വില്ല 62 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറി.
സീസണില്‍ ഒരേയൊരു മത്സരം മാത്രമേ ഇനി ബാക്കിയുള്ളപ്പോഴാണ് ലിവര്‍ കടുത്ത തോല്‍വി വഴങ്ങിയിരിക്കുന്നത്. ലീഗിലെ അവസാന മത്സരത്തില്‍ വില്ലയുടെ എതിരാളികള്‍ കരുത്തരായ സിറ്റിയാണ്. മത്സരത്തില്‍ ഒരു സമനില നേടിയാല്‍ പോലും വില്ലയ്‌ക്ക് ലിവറിനെ മറികടന്ന് നാലാം സ്ഥാനം ഉറപ്പിച്ച് അടുത്ത സീസണ്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാം.
ലിവറിനെതിരെ വില്ലയ്‌ക്ക് വേണ്ടി ആദ്യ പകുതിയില്‍ മോര്‍ഗന്‍ റോജേഴ്‌സ് ആണ് ഗോളടിച്ചത്. ഈ ഒരു ഗോളിലാണ് ആദ്യ പുകതിയില്‍ ആധിപത്യം പുലര്‍ത്തിയത്. രണ്ടാം പകുതിയില്‍ സിറ്റി സമനില ഗോള്‍ നേടി. 51-ാം മിനിറ്റില്‍ വിര്‍ജിന്‍ വാന്‍ഡൈയ്‌ക്ക് ആണ് ഗോളടിച്ചത്. പക്ഷെ അതിന് അഞ്ച് മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ഓല്ലീ വാറ്റ്കിന്‍സ് സ്‌കോര്‍ ചെയ്തു. 72-ാം മിനിറ്റില്‍ വാറ്റ്കിന്‍സ് ഇരട്ട ഗോള്‍ നേടിയതോടെ വില്ല മത്സരത്തില്‍ 3-1ന് മുന്നിലായി മത്സരം അവസാനത്തോടടുക്കുമ്പോള്‍ ജോണ്‍ മക് ജിന്നിലൂടെ വില്ല വീണ്ടും ലീഡെടുത്തു. മത്സരം 4-1. ഒടുവില്‍ ഇന്‍ജുറി ടൈമിലേക്ക് കടന്ന മത്സരത്തില്‍ വാന്‍ഡൈയ്‌ക്കിലൂടെ ലിവര്‍ ഒരു ഗോള്‍ കൂടി നേടി.
അവസാന മത്സരത്തില്‍ വില്ല സിറ്റിയോട് തോല്‍ക്കുകയും ലിവര്‍ ബ്രെന്റ്‌ഫോര്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇരു ടീമുകളും പോയിന്റ് നിലയില്‍ തുല്യരാകും. എങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ ആനുകൂല്യത്തില്‍ ലിവറിന് നാലാം സ്ഥാനക്കാരാകാന്‍ സാധിക്കും.









