തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ വീണ്ടും ഗുണ്ടകള്‍ തമ്മിലുള്ള പോര്‍വിളിയും ഏറ്റുമുട്ടലും പതിവാകുന്നു. ഈഞ്ചയ്‌ക്കലിലെ ഒരു ബാറില്‍ വച്ച് ഓംപ്രകാശിന്റെയും എയര്‍പോര്‍ട്ട് സാജന്റെയും നേതൃത്വത്തില്‍ ഇരു സംഘങ്ങളും പരസ്പരം വെല്ലുവിളി നടത്തിയ സംഭവമുണ്ടായതിന് പിന്നാലെ വാഴമുട്ടത്ത് ബാറില്‍ സംഘര്‍ഷം തടയാനെത്തിയ തിരുവല്ലം പോലീസിനെ ആക്രമിച്ചതും നഗരവാസികളില്‍ ഭീതിയും ഞെട്ടലും സൃഷ്ടിച്ചിട്ടുണ്ട്. ഗുണ്ടാസംഘങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസിനുപോലും കഴിയില്ല എന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. തിരുവല്ലം എസ്‌ഐയ്‌ക്കു പുറമേ എസ്‌സിപിഒ, സിപിഒ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പോലീസുകാരുടെ യൂണിഫോം വലിച്ചുകീറുകയും തടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം പേരൂര്‍ക്കടയില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ബാര്‍ ഹോട്ടലിലും പോലീസുദ്യോഗസ്ഥര്‍ തമ്മില്‍ വാക്കുതര്‍ക്കവും ഏറ്റുമുട്ടലും ഉണ്ടായി. ഉദ്ഘാടന ദിവസം രാത്രിയില്‍ ഉന്നത പോലീസുദ്യോഗസ്ഥരും നഗരത്തിലെ കുപ്രസിദ്ധരായ ഗുണ്ടകളും പങ്കെടുത്ത മദ്യസല്‍ക്കാരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. രണ്ട് സിഐ മാര്‍ തമ്മിലാണ് അടിയുണ്ടായത്. ഗുണ്ടാ നേതാവ് ഓംപ്രകാശ് അടക്കം ഈ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഗുണ്ടകളുടെ സാന്നിധ്യമുള്ള സത്കാരത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തതില്‍ ഗുരുതര അച്ചടക്ക ലംഘനവും വിഴ്ചയുമുണ്ടായിട്ടുണ്ടെന്ന് ഇന്റലിജന്‍സ് മേധാവി ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സംഭവം ഒതുക്കിതീര്‍ക്കാനും അണിയറയില്‍ ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഉന്നത പോലീസുദ്യോഗസ്ഥരും ഗുണ്ടകളും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ടാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിന് കാരണം.
കഴിഞ്ഞ ദിവസം ഈഞ്ചയ്‌ക്കലിലെ ബാറില്‍ ഡിജെ പാര്‍ട്ടിക്കും ഗുണ്ടാനേതാവ് ഓംപ്രകാശും കൂട്ടാളികളും തീരദേശത്തെ കുപ്രസിദ്ധ ഗുണ്ടയായ സാജനും മകന്‍ ഡാനിയും സംഘവും ഏറ്റുമുട്ടിയത് പോലീസിനെ തന്നെ അമ്പരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ നടക്കുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈഞ്ചയ്‌ക്കലിലെ ബാറിലുണ്ടായ ഏറ്റുമുട്ടലില്‍ പത്തു പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ബാറില്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച എയര്‍പോര്‍ട്ട് സാജനെയും മകന്‍ ഡാനിയെയും ഉള്‍പ്പടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. ഓം പ്രകാശിന് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല. ബാറിലുണ്ടായ സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫോര്‍ട്ട് പൊലീസ് ദൃശ്യങ്ങളിലുള്ളവര്‍ക്ക് നോട്ടീസ് അയച്ചതോടെയാണ് സാജനും ഡാനിയും സുഹൃത്തുക്കളായ പത്തു പേരും സ്‌റ്റേഷനില്‍ ഹാജരായത്. ഇവരെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഓം പ്രകാശും ഒപ്പമുണ്ടായിരുന്നവരും ഹാജരായില്ലെന്ന് പൊലീസ് പറഞ്ഞു.
എയര്‍പോര്‍ട്ട് സാജനും മകന്‍ ഡാനി എന്ന സ്‌റ്റെഫാനും വലിയ പോലീസ് രാഷ്‌ട്രീയ ബന്ധങ്ങളുള്ളയാളാണ്. സ്‌റ്റെഫാന് ഡിവൈഎഫ്‌ഐയില്‍ പദവികളുണ്ടെന്ന ആരോപണം നേരത്തേ തന്നെയുള്ളതാണ്. കൊവിഡ് കാലത്ത് ഡാനിയും സംഘവും ചേര്‍ന്ന് കൊവിഡ് ഡ്യൂട്ടിയിലുള്ള പോലീസുകാരെ മര്‍ദിച്ച സംഭവം വിവാദമായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഡാനിയുടെ ആക്രമണങ്ങളെല്ലാം സംഘം ചേര്‍ന്നാണ്. പിതാവിന്റെയും തന്റെയും ശക്തമായ പാര്‍ട്ടി ബന്ധങ്ങളാണ് പോലീസുകാരെവരെ സംഘം ചേര്‍ന്ന് തല്ലാന്‍ ഇയാള്‍ക്ക് ബലം നല്‍കുന്നത്. സാജന്റെയും ഡാനിയുടെയും നേതൃത്വത്തില്‍ എയര്‍പോര്‍ട്ടും പരിസരപ്രദേശങ്ങളും തീരദേശവും കേന്ദ്രീകരിച്ചുള്ള സമാന്തര’ഭരണമാണ് നടക്കുന്നത്. ഇതില്‍ വിയോജിപ്പുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് ഇയാളെ അനുസരിക്കാതെ പ്രദേശത്ത് കഴിഞ്ഞുകൂടാന്‍ കഴിയാത്ത സ്ഥിതിയാണ്.
നഗരപ്രദേശം ഓംപ്രകാശിന്റെ കൈകളിലാണ്. സിപിഎം ബന്ധങ്ങളുടെ പേരിലാണ് ഓംപ്രകാശും നഗരം ഭരിക്കുന്നത്. ഒട്ടേറെ കൊലക്കേസുകളില്‍ പ്രതിയാണ് ഓംപ്രകാശ്. 1999 മുതല്‍ സംസ്ഥാനത്ത് കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, വീടുകയറി ആക്രമണം, ലഹരി ഇടപാട് തുടങ്ങി ഇരുപതിലേറെ കേസുകളിലും പ്രതിയാണ്. അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഓംപ്രകാശ് തലസ്ഥാനത്ത് നിരന്തരമായി ഗുണ്ടാവിളയാട്ടം നടത്തുമ്പോഴും പോലീസിന് ഇവരെ പിടിക്കാന്‍ സാധിക്കാറില്ല. ഗുണ്ടകളുടെ ഭരണപക്ഷ രാഷ്‌ട്രീയ ബന്ധങ്ങളാണ് കടുത്ത നിലപാട് സ്വീകരിക്കുന്നതില്‍ നിന്നും പോലീസിനെ പിന്‍വലിക്കുന്നത്. പോലീസ് ഉന്നതന്മാരും ഗുണ്ടകളുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണ്.