മൂന്നാർ: മൂന്നാറിൽ ശൈത്യകാലത്തിന് തുടക്കമായി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ ഏഴ് ഡിഗ്രി സെൽഷ്യസ് കുണ്ടളയിൽ രേഖപ്പെടുത്തി. ഇതോടെ കൊടുംതണുപ്പിന്റെ കുളിരണിഞ്ഞു മൂന്നാർ. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ എട്ട് ഡിഗ്രിയാണ് കഴിഞ്ഞ രാത്രി രേഖപ്പെടുത്തിയത്.
രാത്രിയിലും പുലർച്ചയുമാണ് കൊടുംതണുപ്പ്. അതിരാവിലെ ചെടികളുടെ ഇലയിലും പുൽമേടുകളിലും മഞ്ഞുകണങ്ങളുമുണ്ട്. ഇതേ കാലാവസ്ഥ തുടർന്നാൽ ഒരാഴ്ചക്കുള്ളിൽ താപനില മൈനസിലെത്തുമെന്നാണ് സൂചന.
അതേസമയം പകൽച്ചൂട് 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്. ഈ മാസം 20 മുതൽ ജനുവരി മൂന്നുവരെ മൂന്നാറിലെ ഭൂരിപക്ഷം ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിങ് നടന്നിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ക്രിസ്മസ്-പുതുവത്സര സീസണിൽ തിരക്ക് കൂടുതലാണ്.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിവാഹ സീസണായതിനാൽ ഇത്തവണ ഹണിമൂണിനാണ് ഏറ്റവുമധികം മുറികൾ ബുക്ക് ചെയ്തത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ തേക്കടി, വാഗമൺ എന്നിവിടങ്ങളിലേക്കും സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. വിദേശ സഞ്ചാരികളും കേരളത്തിന് പുറത്തുനിന്നുള്ള ആഭ്യന്തര സഞ്ചാരികളും കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ.